ന്യൂഡൽഹി > സ്പുട്നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. രാജ്യത്തെ ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ കോവിഡ് വാക്സിനാണ് സ്പുട്നിക് ലൈറ്റ്.
റഷ്യയിലെ ഗമാലിയ സെന്ററിൽ വികസിപ്പിച്ചെടുത്ത വാക്സിന്റെ ഇന്ത്യയിലെ വിതരണക്കാർ ഹെറ്ററോ ബയോഫാർമ ലിമിറ്റഡാണ്. റഷ്യയുടെ ‘സ്പുട്നിക് വി’യുടെ വാക്സിൻ ഘടകം-1 തന്നെയാണ് സ്പുട്നിക് ലൈറ്റിലും ഉള്ളത്. കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്ത് നിർമിക്കുന്ന സ്പുട്നിക് ലൈറ്റിന്റെ കയറ്റുമതിക്ക് കഴിഞ്ഞ ഒക്ടോബറിലാണ് അനുമതി നൽകിയത്.