മട്ടന്നൂർ > നടൻ സലിംകുമാറിനും സംവിധായകൻ സലിം അഹമ്മദിനും സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരം ലഭ്യമാക്കിയ ‘ആദാമിന്റെ മകൻ അബു’ സിനിമയ്ക്ക് പ്രേരണയായ കഥാപാത്രം വിടവാങ്ങി. പരിയാരം ഹസ്സൻ മുക്കിലെ ആബൂട്ടിക്ക എന്ന കെ പി ആബൂട്ടി ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്.
മട്ടന്നൂർ പലോട്ടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറും യൂനാനി മരുന്നും രാശിക്കല്ലും മതഗ്രന്ഥങ്ങളും വിൽപ്പന നടത്തിയിരുന്ന ആബൂട്ടിക്കയുടെ ജീവിതരീതികളായിരുന്നു സലിം അഹമ്മദിന്റെ പ്രഥമ സിനിമയ്ക്ക് വഴിയൊരുക്കിയത്.
ആബൂട്ടിക്ക് അബുവിലൂടെ വേഷംപകർന്ന സലിംകുമാർ മികച്ച നടനുള്ള പുരസ്കാരത്തിനും അർഹനായി. പുരസ്കാരം ലഭിച്ചയുടൻ സംവിധായകനും നായകനും ആബൂട്ടിയെ കാണാനെത്തിയിരുന്നു. ആബൂട്ടിക്കയെന്ന പച്ചമനുഷ്യന്റെ ജീവിതം പകർത്തിയതാണ് സിനിമാമേഖലയിലേക്കുള്ള ചവിട്ടുപടിയായതെന്ന് സലിം അഹമ്മദ് ‘ദേശാഭിമാനി’യോട് പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർ ആബൂട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.