കൊച്ചി > ചെറുകല്ലുകൾകൊണ്ട് വായുവിൽ ചിത്രം ‘വരയ്ക്കുന്ന’ പയ്യന്നൂർ സ്വദേശി പതിനേഴുകാരൻ കെ പി രോഹിത് ദേശീയ ശ്രദ്ധയിലേക്ക്. പരന്ന തട്ടിൽ ചെറിയ കല്ലുകൾ നിരത്തി മുകളിലേക്കെറിയും. ഇത് താഴെ വീഴുന്നതിനിടയിലുള്ള ചെറിയ സമയത്തിലാണ് ചിത്രം സൃഷ്ടിക്കപ്പെടുന്നത്. വായുവിൽ കല്ലുകൾ തങ്ങി നിൽക്കുന്ന ആ ഒരു നിമിഷമാണ് അവിശ്വസനീയമായ കലാസൃഷ്ടി ആസ്വാദിക്കാനകുക.
രോഹിതിന്റെ കലാവിരുത് ഹിസ്റ്ററി ടിവി 18-ലെ ഒഎംജി യേ മേരാ ഇന്ത്യ എന്ന പരിപാടിയുടെ തിങ്കൾ രാത്രി എട്ടിന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെ ലോകം കാണും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഇത്തരം അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാർഥ കഥകളാണ് ഒഎംജി യേ മേരാ ഇന്ത്യയിലൂടെ അവതരിപ്പിക്കുന്നത്.
ഈ രംഗത്ത് പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത ആളാണ് രോഹിത്. അരിമണി വായുവിലെറിഞ്ഞ് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഒരു വനിതയെപ്പറ്റിയുള്ള യുട്യൂബ് വീഡിയോ കണ്ടതാണ് പ്രേരണ. മൂന്നുദിവസത്തെ പരിശ്രമംകൊണ്ട് വായുവിൽ മോഹൻലാലിന്റെ ചിത്രം സൃഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിനുപിന്നാലെയാണ് മറ്റ് ഒട്ടേറെ പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ രോഹിത് സൃഷ്ടിച്ചത്.