മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന തന്‍റെ വാദം ലോകായുക്ത അംഗീകരിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ ഗവര്‍ണറുടെ വെളിപ്പെടുത്തൽ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാനും ലോകായുക്ത തയ്യാറായില്ല. ലോകായുക്തയുടെ ഈ നിലപാട് ഹര്‍ജിക്കാരനെ അവഹേളിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിൽ വിധി പുനഃപരിശോധിക്കാൻ ചെന്നിത്തല ഹര്‍ജി നൽകുകയായിരുന്നു.
കണ്ണൂര്‍ വൈസ് ചാൻസലര്‍ നിയമനത്തിൽ മന്ത്രി ആര്‍ ബിന്ദുവിൻ്റെ ഇടപെടൽ ചട്ടലംഘനമാണെന്നു കാണിച്ചായിരുന്നു മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ലോകായുക്തയിൽ ഹര്‍ജി നല്‍കിയത്. എന്നാൽ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രിയായ ആര്‍ ബിന്ദു സര്‍വകലാശാല പ്രോ ചാൻസലര്‍ എന്ന നിലയ്ക്കുള്ള ഇടപെടൽ മാത്രമാണ് നടത്തിയതെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. വൈസ് ചാൻസലറെ നിയമിക്കുന്നത് പൂര്‍ണമായും ഗവര്‍ണറുടെ അധികാരപരിധിയിൽപ്പെട്ട വിഷയമാണെന്നും ലോകായുക്ത വ്യക്തമാക്കി. ഉത്തരവിനെതിരെ നിരാശ പ്രകടിപ്പിച്ച് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
Also Read:
മന്ത്രി നടത്തിയത് ചട്ടലംഘനം തന്നെയാണെന്നും ചട്ടങ്ങള്‍ പാടേ അവഗണിച്ചു നടത്തുന്ന ശുപാര്‍ശകളെല്ലാം ഗുരുതരമാണെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങള‍് പരിഗണിക്കാതെ ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവ് ലോകായുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയായി നിയമിച്ച നടപടി യുജിസിയുടെ ചട്ടങ്ങള്‍ പൂര്‍ണമായി ലംഘിച്ചു കൊണ്ടുള്ളതാണെന്ന കാര്യത്തിൽ മന്ത്രിയ്ക്കോ ലോകായുക്തയ്ക്കോ തര്‍ക്കമില്ലെന്നും ഈ ശുപാര്‍ശ മന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.
Also Read:
കണ്ണൂര്‍ വിസി നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രിയുടെ നടപടിയും സ്വജനപക്ഷപാതമാണെന്നും ചെന്നിത്തല ആരോപിച്ചു. പുതിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.