കൊച്ചി: ബാലചന്ദ്രകുമാറിനെതിരേ ദിലീപ് കോടതിയിൽ ഹാജരാക്കിയ ഓഡിയോ പുറത്ത്. രണ്ട് പേർക്ക് വലിയൊരു തുക കടം വാങ്ങിയത് തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ദിലീപ് കള്ളം പറയണമെന്നുമാണ് ബാലചന്ദ്രകുമാർ ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.
2021 ഏപ്രിൽ 14നാണ് ബാലചന്ദ്രകുമാർ ദിലീപിന് സന്ദേശം അയച്ചെന്നാണ് ദിലീപ് പറയുന്നത്. എന്നാൽ താൻ ഇത് അനുസരിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു. ഇതിന് ശേഷമാണ് തനിക്കെതിരേ വധ ഗൂഢാലോചന കേസ് വന്നതെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്.
താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. വലിയൊരു തുക കടം വാങ്ങിയ രണ്ട് പേരോട് സംസാരിക്കണം. വീട് വെച്ച സമയത്ത് വാങ്ങിയ പണമാണ്. ഒരുപാട് അവധികൾ പറയുകയും പറഞ്ഞ സമയം ഒരുപാട് കഴിയുകയും ചെയ്തു. അവർ എന്റെ പേരിൽ കേസ് കൊടുക്കുമെന്ന സ്ഥിതിയാണ്. ദിലീപ് സർ പണം കൊടുക്കുകയോ സിനിമ ചെയ്യുകയോ വേണ്ട. പകരം അവരോട് സിനിമ നാല് മാസത്തിനുള്ളിൽ നടക്കുമെന്ന് കള്ളം പറയണം. അപ്പോൾ പണം തിരികെ തരാമെന്ന് ഞാൻ അവരോട് പറയാമെന്നുമാണ് ബാലചന്ദ്രകുമാറിന്റെ ശബ്ദസന്ദേശത്തിലുള്ളത്.
പണം കടം കൊടുത്തവരോട് സംസാരിക്കാനോ സിനിമ ചെയ്യുന്നതിനോ ദിലീപ് തയാറാകാതിരുന്നതിലുള്ള വൈരാഗ്യമാണ് ഇത്തരത്തിലൊരു കള്ള കേസ് കൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് ദിലീപ് കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ദിലീപ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വിശദീകരണത്തോടൊപ്പമാണ് ബാലചന്ദ്രകുമാറിന്റെ ഈ ഓഡിയോയും ദിലീപ് കോടതിയിൽ ഹാജരാക്കിയത്.
Content Highlights: Dileep submits audio clip of Balachandra Kumar