തിരുവനന്തപുരം: ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂർണരൂപം ഉടൻ പുറത്ത് വിടുമെന്ന് ബാലചന്ദ്രകുമാർ. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും ബാലചന്ദ്രകുമാർ പരിഹസിച്ചു. തനിക്കെതിരായ പീഡന കേസിന് പിന്നിൽ ദിലീപാണെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോസന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ദിലീപിനോട് ഇതിന് ശേഷം എനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോൾ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ ഇല്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
എന്നോട് പ്രകോപനപരമായി ഒരു പ്രതികരണവും തരാതിരിക്കെ എനിക്കെങ്ങനെയാണ് ദിലീപിനോട് പക തോന്നുക. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം ഈ സാഹചര്യത്തിൽ ഉടൻ പുറത്തുവിടും.-ബാലചന്ദ്രകുമാർപറഞ്ഞു.
ദിലീപ് കാണാതെ പോയെന്ന് പറയുന്ന ഒന്നാം നമ്പർ ഫോണിലേക്കാണ് ഈ മെസേജ് അയച്ചതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കണം എന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അത് മിമിക്രിക്കാരെ കൊണ്ട് ചെയ്യിച്ചതാണെന്നാണ് ഇപ്പോൾ പറയുന്നത്. അങ്ങനെ പറയേണ്ടത് പരിശോധിക്കുന്ന ഉദ്യോഗസ്ഥരാണ്. അങ്ങനെയെങ്കിൽ അന്വേഷണോദ്യോഗസ്ഥർക്കെതിരെ പറഞ്ഞതൊക്കെ ശാപവാക്കുകളാണെന്നല്ലെ കോടതിയിൽ പറഞ്ഞതെന്നും ബാലചന്ദ്രകുമാർ ചോദിച്ചു.
ഇപ്പോൾ തനിക്കെതിരെ ഉയർന്നു വന്നിരിക്കുന്ന പീഡനക്കേസിന് പിന്നിലും ദിലീപ് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് തിരുവനന്തപുരത്തുള്ള ദിലീപിന് വേണ്ടി പ്രവർത്തിക്കുന്ന യു ട്യൂബ് ചാനലാണ് എന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും വർഷം മുമ്പ് നടന്നുവെന്ന് പറഞ്ഞ് തനിക്കെതിരെ കേസുമായി എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
Content Highlights: Balachandra Kumar responds after Dileep releases audio clip