കൊല്ലം> കൈയും കാലും കെട്ടിയുള്ള സാഹസിക നീന്തലിൽ ദേശീയ ശ്രദ്ധ നേടിയ ഡോൾഫിൻ രതീഷ് തന്റെ ജീവിതം പുസ്തകമാക്കുന്നു. ഇരുപത് വർഷത്തെ സാഹസിക നീന്തൽ ജീവിതാനുഭവങ്ങളാണ് എഴുതുന്നത്. 2002 ഫെബ്രുവരി 14നാണ് കൈയും കാലും കെട്ടിയുള്ള നീന്തലിൽ ആദ്യ പൊതുപരിപാടി കൊല്ലത്ത് സംഘടിപ്പിച്ചത്. നീണ്ടകര പാലത്തിൽ നിന്നും അഷ്ടമുടി അഴിമുഖത്ത് ചാടി തുടർന്ന് 500 മീറ്റർ ദൂരം കയ്യും കാലും കെട്ടി നീന്തിയാണ് തുടക്കമിട്ടത്.
ആദ്യ പരിപാടിയുടെ 20 വർഷം തികയുന്ന ഫെബ്രുവരി 14ന് പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്യും. പുസ്തകത്തിന് പേര് നിർദ്ദേശിക്കാൻ രതീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിൽ കടലും കായലും അതിരിടുന്ന ആലപ്പാടെന്ന തീരദേശ ഗ്രാമത്തിൽ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് രതീഷിന്റെ ജനനം. കടലിൽ ഡോൾഫിൻ നീന്തുന്നത് കണ്ടതാണ് കൈയും കാലും കെട്ടി നീന്തുന്നതിലേക്ക് പ്രചോദനമായത്. ഡോൾഫിന്റെ നീന്തൽ മാതൃകയിൽ നീന്തുന്നതിന് സ്വതന്ത്രമായ കൈകാലുകൾ തടസ്സമാണെന്ന് അയാൾ മനസ്സിലാക്കി.
അങ്ങനെയാണ് കൈകാലുകൾ കെട്ടി ഡോൾഫിനെ പോലെ നീന്താൻ തുടങ്ങിയത്. ഇതോടെ രതീഷ് ഡോൾഫിൻ രതീഷ് ആയി. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സാഹസിക നീന്തൽ പ്രകടനങ്ങൾ നടത്തി. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കൊല്ലം കടപ്പുറത്ത് ലൈഫ് ഗാർഡാണ്. വിദേശികളടക്കം നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെ മികച്ച ലൈഫ് ഗാർഡ് അവാർഡ് 2012 ൽ ലഭിച്ചു. സാഹസിക നീന്തലിൽ ലിംക ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം നേടി.
ഇംഗ്ലീഷ് ചാനൽ സ്വപ്നം
കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ബ്രിട്ടനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ കൈയും കാലും കെട്ടി നീന്തുകയെന്നതാണ് രതീഷിന്റെ ലക്ഷ്യം. അന്താരാഷ്ട്ര ഫ്രീസ്റ്റൈൽ നീന്തൽകാർ പലരും ഇംഗ്ലീഷ് ചാനൽ നീന്തി കടന്നിട്ടുണ്ടെങ്കിലും കൈകാലുകൾ ബന്ധിച്ചു നീന്തുന്നത് ആദ്യമായിട്ടായിരിക്കും. കഠിനമായ തണുപ്പ് കാലാവാസ്ഥയും ലണ്ടനിലെ പരിശീലന ചെലവുമാണ് വെല്ലുവിളി. മാർച്ചിലാണ് പരിശീലനം ലണ്ടനിൽ തുടങ്ങുക. അവിടെ സൗജന്യമായി താമസിക്കാൻ സൗകര്യം ലഭിച്ചാൽ പരിശീലന ചെലവ് കുറയുമെന്ന് രതീഷ് പറയുന്നു. സഹായം സംഘടനകളുടെയും സർക്കാർ ഉൾപ്പെടെയുള്ളവരുടെയും സഹായം രതീഷ് പ്രതീക്ഷിക്കുകയാണ്.
രതീഷിന്റെ സാഹസിക പ്രകടനങ്ങൾ
*2003 –ൽ ശരീരം മുഴുവൻ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടി കെട്ടി വരിഞ്ഞ് അഷ്ടമുടി കായലിൽ ഒരു കിലോമീറ്റർ നീന്തി
*അകാലത്തിൽ പൊലിഞ്ഞു പോയ സാഹസിക നീന്തൽ താരം ശ്യാം എസ് പ്രബോധിയോടുള്ള ആദര സൂചകമായി 2004-ൽ തെക്കുംഭാഗം പള്ളിക്കോടി മുതൽ നീണ്ടകര പാലം വരെ കൈകാലുകൾ ബന്ധിച്ച് ഒരു കിലോമീറ്റർ നീന്തി
*2004-ലേ സുനാമി ദുരന്തത്തിൽ മരിച്ചവരോടുള്ള ശ്രദ്ധാഞ്ജലിയായി 2005-ൽ അഴീക്കൽ സുനാമി സ്മൃതി മണ്ഡപത്തിൽ നിന്നും അഴീക്കൽ ബീച്ച് വരെ കടലിൽ കൈകാലുകൾ ബന്ധിച്ച് നീന്തി
*2006 ഏപ്രിൽ 30-ന് ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നും അമ്പലക്കടവ് വരെ 2 കിലോമീറ്റർ കൈകാലുകൾ ബന്ധിച്ച് നീന്തി.
*2007-ൽ കൈകാലുകൾ കെട്ടി എറണാകുളം പള്ളുരുത്തി റെയിൽവേ ബ്രിഡ്ജിൽ നിന്നും ചാടുകയും കിലോമീറ്ററുകൾ നീന്തുകയും ചെയ്തു.
*2008-ൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സുനാമി ബാധിത മേഖലയിൽ നിന്നും 50 കുട്ടികളെ തെരഞ്ഞെടുകയും അവരെ നീന്തൽ പഠിപ്പിക്കുന്നതിലേക്കായി ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. അതെ വർഷം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി കൈകാലുകൾ ബന്ധിച്ച് കടലിൽ നീന്തി
*2009-ൽ കൈകാലുകൾ ബന്ധിച്ച് തങ്കശ്ശേരി കടലിടുക്കിൽ നിന്നും കൊല്ലം ബീച്ച് വരെ 1.5 വരെ നീന്തി
*2009 മെയ് 1-ന് ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളി ദിനത്തിന്റെ മാഹാത്മ്യം വിളംബരം ചെയ്ത് കൊണ്ട്, കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നിന്നും 2 കിലോമീറ്റർ ദൂരം നീന്തി
* 2012 സെപ്തംബർ 21-ൽ ലോക സമാധാന ദിനത്തിൽ സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്ത് കൊണ്ട് കൊല്ലം ബീച്ചിൽ തീരത്ത് നിന്നും അകലെ കയ്യും കാലും കെട്ടി 45 മിനിറ്റുകൾ കൊണ്ട് 3.5 കിലോമീറ്റർ നീന്തി റെക്കോർഡ് സ്ഥാപിച്ച് മൂന്നാം വട്ടവും ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ സ്ഥാനം നേടുകയും ചെയ്തു.
* ആലപ്പാട് പഞ്ചായത്തിൽ അര നൂണ്ടാണ്ടായി നടക്കുന്ന അശാസ്ത്രീയ മണൽഖനനത്തിനെതിരായി ‘സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് ‘ എന്ന സന്ദേശം ഉയർത്തിക്കൊണ്ട് 2018 ഡിസംബർ 27-ന് പണിക്കർ കടവ് പാലത്തിൽ നിന്നും ആയിരംതെങ്ങ് പാലം വരെ കൈകാലുകൾ ബന്ധിച്ചു 10 കിലോമീറ്റർ നീന്തി അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കോഡ്സിൽ സ്ഥാനം നേടി.
വിവേകാനന്ദ സ്വാമി ജന്മദിനവുമായി ബന്ധപ്പെട്ട് 2020 ജനുവരി 12 ന് യൂത്ത് ഡേയിൽ കന്യാകുമാരി ബോട്ട് ജെട്ടിയിൽ നിന്നും വിവേകാനന്ദ പാറയിലേക്ക് കൈകാലുകൾ ബന്ധിച്ച് നീന്തി.
2020 ഫെബ്രുവരി 3 കോഴിക്കോട് കാപ്പാട് ബീച്ചിൽ ചേമഞ്ചേരി പഞ്ചായത്ത് നിർധനരായ രോഗികൾക്ക് ധനസഹായം കണ്ടെത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച കാപ്പാട് ബീച്ച് ഫെസ്റ്റിൽ ഒരു കിലോമീറ്റർ ദൂരം കൈ കാലുകൾ ബന്ധിച്ചു നീന്തൽ പ്രകടനം നടത്തി.