കൊച്ചി: വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരീഭർത്താവ് സൂരാജിന്റേയും ശബ്ദം പരിശോധിക്കാൻ കോടതി അനുമതി നൽകി. ശബ്ദപരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും. ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേത് ആണോ എന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്താനാണ് പരിശോധന.
ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. അനുമതി ലഭിച്ച സാഹചര്യത്തിൽ ഏറ്റവും അടുത്ത ദിവസം തന്നെ പരിശോധന നടത്തും. അതേസമയം എവിടെയാണ് പരിശോധന നടത്തേണ്ടത്, എപ്പോഴാണ് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ക്രൈംബ്രാഞ്ചാണ്.
സമാനമായ പല കേസുകളിലും ശബ്ദപരിശോധന നടത്തിയിട്ടുള്ളത് കൊച്ചിയിലെ ആകാശവാണിയിലാണ്. അതിനാൽ സമാനമായ രീതിയിൽ ദിലീപ് അടക്കമുള്ളവരുടെ ശബ്ദം പരിശോധിക്കുന്നതിനുള്ള നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ദിലീപ്, അനൂപ്, സൂരാജ് എന്നിവരുടെ ശബ്ദസാമ്പിളുകൾ ഇവിടെ നിന്നും ശേഖരിച്ച് അത് ഫോറൻസിക് ലാബിലേക്ക് അയക്കും. അതിന് ശേഷം ബാലചന്ദ്രകുമാർ പുറത്ത് വിട്ട ശബ്ദവും ഈ ശബ്ദസാമ്പിളുകളും തമ്മിൽ യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഈ പരിശോധന നടത്തുന്നത് ഫോറൻസിക് ലാബിലാണ്. ഇവിടെ നിന്നും ശബ്ദസാമ്പിളുകൾ ശേഖരിക്കുക മാത്രമാണ് ചെയ്യുക.
മൂന്ന് പ്രതികളുടേയും ശബ്ദം പരിശോധിക്കണമെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. അപേക്ഷയിൽ പ്രതിഭാഗത്തിന്റെ കൂടി വാദം കേട്ടതിന് ശേഷമാണ് കോടതി അനുമതി നൽകിയത്.
2017 നവംബർ 15-ന് ആലുവയിലെ പത്മസരോവരം എന്ന വീട്ടിൽവെച്ച് നടത്തിയ സംഭാഷണത്തിന്റെ ശബ്ദമാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് വേണ്ടിയാണ് ശബ്ദപരിശോധന നടത്തുന്നത്.
Content Highlights:Conspiracy case; Audio samples of accused including Dileep will be examined