ന്യൂഡൽഹി > സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫും കേരളത്തിലെ ബിജെപിയും നടത്തുന്ന വികസനവിരുദ്ധനീക്കങ്ങൾ എല്ലാ സീമയും ലംഘിച്ചു. സർക്കാർമേഖലയിലെ വികസനസംരംഭത്തിനെതിരെ കുതന്ത്രങ്ങളാണ് ഇരുകൂട്ടരും പയറ്റുന്നത്. ചില മാധ്യമങ്ങളും കുടപിടിച്ചുകൊടുക്കുന്നു. മനഃപൂർവമായ അസത്യപ്രചാരണമാണ് മുഖ്യതന്ത്രം. വികസനപദ്ധതികൾക്ക് അനുമതി നൽകണമെന്നും ജനക്ഷേമപദ്ധതികൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും രാഷ്ട്രീയ പാർടി നേതാക്കളും കേന്ദ്രമന്ത്രിമാരെ കാണാറുണ്ട്.
സർവകക്ഷിസംഘങ്ങൾ കേരളത്തിൽനിന്നടക്കം പലപ്പോഴും ഡൽഹിയിൽ എത്തിയിട്ടുണ്ട്. സുതാര്യമായ രീതിയിലാകും നീക്കങ്ങൾ. പ്രതിനിധിസംഘങ്ങൾക്ക് അവരുടെ ആവശ്യത്തെക്കുറിച്ച് വ്യക്തമായ നിലപാട് ഉണ്ടായിരിക്കും. അതേസമയം, സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്രത്തെ സമീപിക്കുന്ന യുഡിഎഫ്, ബിജെപി സംഘങ്ങൾ വൈരുധ്യങ്ങളുടെ കൂട്ടായ്മയാണ്. പദ്ധതിക്കെതിരെ കോൺഗ്രസ് എംപിമാർ റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയപ്പോൾ എ കെ ആന്റണി, രാഹുൽ ഗാന്ധി, ശശി തരൂർ എന്നിവർ ഒപ്പിട്ടില്ല. രാജസ്ഥാനിൽനിന്നുള്ള കെ സി വേണുഗോപാൽ ഒപ്പിടുകയും ചെയ്തു.
തരൂർ മാത്രമാണ് ഒപ്പിടാത്തത് എന്നായിരുന്നു മാധ്യമങ്ങളുടെ പ്രചാരണം. ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രനും കെ സുധാകരനും റെയിൽവേ മന്ത്രി നൽകിയ മറുപടി തെറ്റിദ്ധാരണാജനകമായ രീതിയിലാണ് ഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചത്. മറുപടി അതേപടി പുറത്തുവന്നിട്ടും ഈ മാധ്യമങ്ങൾ തിരുത്തിയില്ല.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്റെ നിലപാട് പലതവണ തിരുത്തി, നിഷേധിച്ചു.ബജറ്റിൽ വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചതോടെ അത് സിൽവർ ലൈനിനു ബദലാണെന്ന് യുഡിഎഫും ബിജെപിയും ഏറ്റുപിടിച്ചു. വന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ നിലവിലുള്ള ട്രാക്കുകളിൽ പ്രായോഗികമല്ലെന്ന് വിശദീകരിച്ച ഇ ശ്രീധരനെയും കൂട്ടിയാണ് ബിജെപി സംഘം റെയിൽവേമന്ത്രിയെ കണ്ടത്.