തിരുവനന്തപുരം > സിൽവർ ലൈൻ സർവേ കേസിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ നൽകിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്. റെയിൽവേമന്ത്രാലയമോ, കെ- റെയിലോ കേസിന്റെ ആവശ്യത്തിനു നൽകിയ വസ്തുതകളല്ല കോടതിയിൽ നൽകിയത്. പദ്ധതിക്കെതിരായ വിവാദം പ്രോത്സാഹിപ്പിക്കുന്നതാണ് അടിമുടി വൈരുധ്യം നിറഞ്ഞ പ്രസ്താവന. റെയിൽമന്ത്രി അശ്വനി വൈഷ്ണവ് പാർലന്റെിൽ നൽകിയ മറുപടിയിലെ വിവരങ്ങൾ അതേപടി ചേർത്തു. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലുണ്ടെന്ന് പാർലമെന്റിലെ മറുപടിയിയുടെയും ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയുടെയും സ്വഭാവം തെളിയിക്കുന്നു.
ഡിപിആർ അംഗീകരിച്ചിട്ടില്ലെന്നും റെയിൽവേമന്ത്രാലയം കൂടുതൽ പഠിക്കുകയാണെന്നും അതിനാൽ ഭൂമി ഏറ്റെടുക്കരുതെന്നുമാണ് എഎസ്ജി എസ് മനു നൽകിയ പ്രസ്താവന. ഡിപിആർ അംഗീകരിച്ചെന്ന് കെ- റെയിൽ അവകാശപ്പെട്ടിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നുമില്ല. സാമൂഹികാഘാത പഠനത്തിനു മുന്നോടിയായി ഭൂമി അളന്ന് കല്ലിടുകമാത്രമാണ് ചെയ്തിരുന്നത്. ഇതിന് അനുമതിയുണ്ട്. ഏതാനും ഉടമകളുടെ സ്ഥലത്ത് കല്ലിടുന്നത് തടഞ്ഞ സിംഗിൾ ബഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് വാദം കേൾക്കെയാണ് എഎസ്ജിയുടെ കുത്തിത്തിരുപ്പ്. ഇതുവരെ ഒരനുമതിയും നൽകിയിട്ടില്ലെന്നു വാദിക്കുന്ന എഎസ്ജി അങ്കമാലി സ്റ്റേഷൻ വികസനത്തിന് സിൽവർലൈൻ തടസ്സമാകുമെന്ന് തട്ടിവിട്ടത് വിരോധാഭാസമായി.
പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കും വായ്പാ നടപടികൾക്കും അനുമതി നൽകി റെയിൽവേബോർഡും കേന്ദ്രധനമന്ത്രിയും കത്തയച്ചത് ഉൾപ്പെടെ എഎസ്ജി മറച്ചുവച്ചു. 200 കിലോ മീറ്റർ റെയിൽവേ ഭൂമി ഏറ്റെടുക്കാൻ തടസ്സമുണ്ടെന്ന വാദവും കള്ളമാണ്. റെയിൽവേ കെ- റെയിലുമായി ചേർന്ന് ഭൂമി സംയുക്ത പരിശോധന നടത്തുകയാണ്.ആരെങ്കിലും തടയുമെന്ന് കരുതിയല്ല, പദ്ധതി നടപ്പാക്കാനാകുമെന്ന ദൃഢവിശ്വാസത്തിലാണ് നടപടികളുമായി കെ- റെയിൽ മുന്നോട്ടുപോകുന്നത്. ഒരു വർഷം പദ്ധതി വൈകിയാൽ 3000 കോടി രൂപയാണ് അധിക ചെലവ്.
കേന്ദ്രത്തിന്റെ കേസുകൾ വാദിക്കാൻ കടുത്ത ആർഎസ്എസുകാരെ അടുത്തിടെയാണ് നിയമിച്ചത്. അവരുടെ യോഗം മന്ത്രി വി മുരളീധരൻ വിളിച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനുവേണ്ടി ഹാജരായത് എഎസ്ജി മനുവാണ്.