കൊച്ചി > നഗരമധ്യത്തിൽ പട്ടാപ്പകൽ കൊലപാതകശ്രമം നടത്തിയ സ്ത്രീയും എംസിഎ വിദ്യാർഥിയായ മകനും അറസ്റ്റിൽ. ആലുവ കോമ്പാറ സാക്ഷരതാ റോഡ് ചാലപ്പാടം ബാബു കരിമുട്ടം ഹൗസിൽ ഓട്ടോ റാണി എന്ന സോളി ബാബു (42), മകൻ സാവിയോ ബാബു (22) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. എറണാകുളം ജോസ് ജങ്ഷനുസമീപം ചെരിപ്പ് നന്നാക്കിയിരുന്ന കൊച്ചുജോയി എന്ന ജോയിയെയാണ് ഇരുവരും ചേർന്ന് ജനുവരി 24ന് വെട്ടി പരിക്കേൽപ്പിച്ചത്. ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തി തലയ്ക്കും കൈക്കും വെട്ടുകയായിരുന്നു.
നാലുമാസംമുമ്പ് ജോയിയും സോളിയും തമ്മിൽ സംഘർഷമുണ്ടായി. സോളി സൗത്ത് ഗേൾസ് ഹൈസ്കൂളിനുസമീപം ഓട്ടോ ഓടിച്ചിരുന്നു. ഇവർ അനാശാസ്യപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ജോയി ആരോപിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ജോയിയുടെ അടികൊണ്ട് സോളിയുടെ കൈയൊടിഞ്ഞു. കേസിൽ ജോയിയെയും കൂട്ടുപ്രതി പല്ലൻ ബാബുവിനെയും റിമാൻഡ് ചെയ്തിരുന്നു.
ഇതിനിടെ ഒരു കവർച്ചക്കേസിൽ സോളി ജയിലിലായി. ഇതിനുപിന്നിൽ ജോയിയാണെന്ന് വിശ്വസിച്ച് ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും നൽകി സോളി ക്വട്ടേഷൻ നൽകിയെങ്കിലും നടന്നില്ല. തുടർന്നാണ് മകനെ കൂട്ടി കൊലപാതകശ്രമം നടത്തിയത്. സാവിയോ ബാബു കാഞ്ഞിരപ്പള്ളിയിൽ എംസിഎയ്ക്ക് പഠിക്കുകയാണ്. എറണാകുളം സെൻട്രൽ ഇൻസ്പെക്ടർ എസ് വിജയ്ശങ്കറിന്റെയും എസ്ഐ എസ് പ്രേംകുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊലപാതകശ്രമം സിനിമാസ്റ്റൈലിൽ
സോളി ബാബുവും മകൻ സാവിയോയും കൊലപാതകശ്രമം ആസൂത്രണം ചെയ്തത് സിനിമാസ്റ്റൈലിൽ. സംഭവം നടക്കുന്നതിന് രണ്ടുദിവസംമുമ്പ് തങ്ങൾ കുടുംബസമേതം കോട്ടയത്ത് എംജി സർവകലാശാലയിൽ മകളുടെ സർട്ടിഫിക്കറ്റിന്റെ കാര്യത്തിന് പോകുകയാണെന്ന് സോളി പരിചയക്കാരെ വിളിച്ച് അറിയിച്ചു. ശേഷം ഇവർ ഫോൺ ഓഫ് ചെയ്ത് കോട്ടയത്തേക്ക് പോയി. കോട്ടയത്തുനിന്ന് സംഭവദിവസം രാവിലെ സാവിയോ എറണാകുളത്ത് എത്തി. കൃത്യം നടത്തിയശേഷം ഇവർ കാസർകോട്ടേക്ക് പോകുകയായിരുന്നു.
ഡ്യൂക്ക് ബൈക്കിൽ വന്ന ആളാണ് ആക്രമിച്ചതെന്ന് പൊലീസ് മനസ്സിലാക്കി. ഇയാളുടെ പുറകിലെ ബാഗിൽ ഉയർന്നുനിന്ന ബേസ്ബോൾ ബാറ്റ് സിസിടിവി ക്യാമറയിൽ കണ്ടെത്തി. ബൈക്കിന്റെ നമ്പർ വ്യാജമായിരുന്നു. സിസിടിവി ക്യാമറ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ബൈക്ക് സാവിയോയുടെ ആലുവയിലുള്ള വീട്ടിൽനിന്ന് വന്നതായി പൊലീസ് കണ്ടെത്തി.