തിരുവനന്തപുരം > കോൺസുലേറ്റുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് നടക്കുന്നത് എം ശിവശങ്കറിന് അറിയാമായിരുന്നെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സ്വർണക്കടത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ അവിടെ ജോലി ചെയ്യുന്നത് സുരക്ഷിതമല്ലെന്നും വേറെ ജോലി നോക്കാമെന്നും ശിവശങ്കർ പറഞ്ഞു. തനിക്കും ഭർത്താവ് ജയശങ്കറിനും കെ ഫോൺ പദ്ധതിയിൽ ജോലി നൽകി. സ്വർണക്കടത്ത് കേസ് വന്നപ്പോൾ പിരിച്ചുവിട്ടു.
ലൈഫ് മിഷനിൽ യൂണിടാക്കിനെ തെരഞ്ഞെടുത്തത് ശിവശങ്കറിന്റെ അറിവോടെയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയില്ല. ലൈഫ് മിഷൻ വിഷയത്തിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ബന്ധമില്ല. മുൻ മന്ത്രി കെ ടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളത്. ശിവശങ്കർ പുസ്തകത്തിൽ ഇങ്ങനെ എഴുതുമെന്ന് പ്രതീക്ഷിച്ചില്ല. പുസ്തകം വായിച്ചിട്ടില്ല. പുസ്തകത്തിലെ വിവരങ്ങൾ അറിഞ്ഞശേഷം പ്രതികരിക്കാം.
തന്റെ ആവശ്യത്തിന് മന്ത്രിമാരെയോ എംഎൽഎമാരെയോ വിളിച്ചിട്ടില്ല. ശിവശങ്കർ സ്വർണം കടത്തിയെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിനറിയാമെന്നും സ്വപ്ന പറഞ്ഞു.അതേസമയം, സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഇപ്പോൾ പ്രതികരണത്തിനില്ലെന്ന് എം ശിവശങ്കർ പറഞ്ഞു.