ആന്റിഗ്വ > രാജ് ബാവയുടെ മിന്നുന്ന ബൗളിങ് പ്രകടനത്തിനുമുന്നിൽ ഇംഗ്ലീഷ് ബാറ്റർമാർ തളർന്നു. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189ന് പുറത്തായി. അഞ്ച് വിക്കറ്റുമായി രാജ് ബാവ കളംനിറഞ്ഞു. രവികുമാർ നാല് വിക്കറ്റെടുത്തു.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോം പ്രെസ്റ്റ് മികച്ച സ്കോർ ഒരുക്കാമെന്ന കണക്കുകൂട്ടലിലാണ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാൽ, പ്രെസ്റ്റിന്റെ പ്രതീക്ഷകൾ തകർത്ത് ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടുകയായിരുന്നു. 116 പന്തിൽ 95 റണ്ണെടുത്ത ജയിംസ് റീവ് ഇംഗ്ലീഷ് നിരയിൽ പൊരുതി. ജയിംസ് സാലെസ് 34 റണ്ണെടുത്തു.
രണ്ടാംഓവറിൽത്തന്നെ ഓപ്പണർ ജേക്കബ് ബെതല്ലിനെ (2) വിക്കറ്റിനുമുന്നിൽ കുരുക്കി രവികുമാർ തുടങ്ങി. രവികുമാറിന്റെ അടുത്ത ഓവറിൽ പ്രെസ്റ്റും മടങ്ങി. റണ്ണെടുക്കുംമുമ്പ് പ്രെസ്റ്റിന്റെ കുറ്റിപിഴുതു.
ആഞ്ഞടിക്കുകയായിരുന്ന ജോർജ് തോമസിനെ പുറത്താക്കിയാണ് ബാവ തുടങ്ങിയത്. 30 പന്തിൽ ഒരു സിക്സറും നാല് ഫോറും ഉൾപ്പെടെ 27 റണ്ണടിച്ച തോമസിനെ ബാവ ക്യാപ്റ്റൻ യാഷ് ദൂലിന്റെ കെെകളിലെത്തിച്ചു. ഇംഗ്ലണ്ട് സ്കോർ 3–37. വില്യം ലുക്-സ്റ്റണെയും (4) ജോർജ് ബെല്ലിനെയും (0) തുടർച്ചയായ പന്തുകളിൽ വിക്കറ്റ് കീപ്പർ ദിനേശ് ബാനയുടെ കൈകളിലെത്തിച്ച് ബാവ ഇംഗ്ലണ്ടിനെ തകർത്തു.
5–47 റണ്ണെന്ന നിലയിലായിരുന്നു അവർ അപ്പോൾ. റെഹാൻ അഹമ്മദും (10) ബാവയുടെ ഇരയായി മടങ്ങി. വിക്കറ്റ് അലെക്സ് ഹോർട്ടണെ (10) സ്പിന്നർ കൗശൽ താംബെ പുറത്താക്കി. 7–91 എന്ന നിലയിൽനിന്ന് റീവും സാലെസും ഇംഗ്ലണ്ടിനെ കരകയറ്റി.റീവ്– സാലെസ് സഖ്യം 93 റൺ കൂട്ടിച്ചേർത്തു. ബാവ 9.5 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 31 വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ഓസ്ട്രേലിയ മൂന്നാമത്
അഫ്ഗാനിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മൂന്നാംസ്ഥാനം നേടി. സ്കോർ: അഫ്ഗാൻ 201 (49.2), ഓസീസ് 202 (49.1). ഇന്ത്യൻ വംശജനായ നിവേദൻ രാധാകൃഷ്ണനാണ് കളിയിലെ താരം. ചെന്നൈയിൽ ജനിച്ച പത്തൊമ്പതുകാരൻ 66 റണ്ണും മൂന്ന് വിക്കറ്റും നേടി.