അഹമ്മദാബാദ് > ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ചരിത്രത്തിന്റെ ഭാഗമാകും. ഏകദിനത്തിൽ 1000 മത്സരങ്ങൾ. കളിയുടെ എണ്ണത്തിൽ നാലക്കം കടക്കുന്ന ആദ്യടീമാണ്. ആദ്യമത്സരത്തിനുശേഷം 48 വർഷമെടുത്തു ആയിരം തികയ്ക്കാൻ. വെസ്റ്റിൻഡീസിനെതിരായ മൂന്നു മത്സരപരമ്പരയിൽ ആദ്യത്തേത് ഇന്ന് പകൽ ഒന്നരയ്ക്ക് ആരംഭിക്കും.
ഇന്ത്യയെ രോഹിത് ശർമയും വിൻഡീസിനെ കീറൻ പൊള്ളാർഡും നയിക്കും. 1974 ജൂലൈ 13ന് ഇംഗ്ലണ്ടിനെതിരെ ഹെഡ്ങ്-ലിയിലായിരുന്നു ആദ്യ ഏകദിനം. അജിത് വഡേക്കർ നയിച്ച ടീം നാല് വിക്കറ്റിന് തോറ്റു. നൂറാം ഏകദിനം 1986ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു. 500 ഇംഗ്ലണ്ടിനെതിരെ 2002ൽ.
99 ഏകദിനം കളിച്ച ഇന്ത്യക്ക് 518 ജയവും 431 തോൽവിയുമാണ്. ഒമ്പത് സമനില. 41 കളിയിൽ ഫലമുണ്ടായില്ല. ഓസ്ട്രേലിയ 958 ഏകദിനം കളിച്ചു. മൂന്നാമതുള്ള പാകിസ്ഥാൻ 936. ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരമ്പര തോറ്റ ഇന്ത്യക്കും അയർലൻഡിന് പരമ്പര സമ്മാനിച്ച വിൻഡീസിനും വിജയം അനിവാര്യമാണ്. കോവിഡായതിനാൽ ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്-ക്-വാദ് എന്നിവർ ടീമിലില്ല. രോഹിത് ശർമയ്ക്കൊപ്പം ഇഷാൻ കിഷനായിരിക്കും ഓപ്പണർ.