കൽപ്പറ്റ > നാഗവനി ആദിവാസി കോളനിയിലുള്ളവർ ആഹ്ലാദത്തിലാണ്, തങ്ങളുടെ ഉണ്ണി ഡോക്ടറാകാൻ പോകുന്നു. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് (നീറ്റ്) പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയാണ് തിരുനെല്ലി അപ്പപ്പാറ നാഗവനി കോളനിയിലെ ഉണ്ണി കോളനിക്കും നാടിനും അഭിമാനമായത്.
കളമശേരി മെഡിക്കൽ കോളേജിൽ ഉണ്ണിക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചു. മാതാപിതാക്കളായ കരിയനും ജവനിയും കൂലിപ്പണിക്കാരാണ്. ചെറുപ്പം മുതൽ പഠനത്തിൽ മിടുക്കനായ ഉണ്ണി ആദിവാസി റസിഡൻഷ്യൽ സ്കൂളുകളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പത്താം ക്ലാസിൽ ഒമ്പത് എ പ്ലസ് നേടി. പ്ലസ് ടുവിനും ഉയർന്ന മാർക്ക്. തിരുനെല്ലി ആശ്രമം സ്കൂൾ, നല്ലൂർനാട് അംബേദ്കർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് മാനന്തവാടി മേരിമാതാ കോളേജിൽ ബിരുദപഠനത്തിന് ചേർന്നു. പട്ടികവർഗ വികസനവകുപ്പ് മുഖേന പാല ബ്രില്യൻസ് കോളേജിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് നീറ്റിൽ മികച്ച വിജയം നേടിയത്. പഠനത്തോടൊപ്പം കലാമേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നാടകം എഴുതിയും അഭിനയിച്ചും അംഗീകാരം നേടി. മധു, രവി, ബിജു, സുമേഷ് എന്നിവർ സഹോദരങ്ങളാണ്.