മട്ടാഞ്ചേരി > പറവൂരിൽ മത്സ്യത്തൊഴിലാളി മാല്യങ്കര കോയിക്കൽ സജീവൻ ആത്മഹത്യ ചെയ്ത കേസിൽ ലാൻഡ് റവന്യു ജോയിന്റ് കമീഷണർ ജെറോമിക് ജോർജ് ഫോർട്ട് കൊച്ചി ആർഡി ഓഫീസിൽ പരിശോധന നടത്തി. റവന്യുമന്ത്രി കെ രാജന്റെ നിർദേശപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ജോയിന്റ് കമീഷണർ പറവൂർ തഹസിൽദാറെ വിളിച്ചുവരുത്തി സംഭവത്തിന്റെ വിശദാംശങ്ങൾ തേടി. സജീവന്റെ അപേക്ഷയിൽ കാലതാമസമുണ്ടായില്ലെന്ന് ഫോർട്ട് കൊച്ചി സബ് കലക്ടർ നൽകിയ റിപ്പോർട്ടിനെക്കുറിച്ചും ചോദിച്ചറിഞ്ഞു.
ഓഫീസിൽ ഭൂമി തരംമാറ്റാൻ വരുന്ന അപേക്ഷകളിൽ നടപടി വൈകുന്നതിനെക്കുറിച്ച് ജീവനക്കാരോട് ചോദിച്ച് മനസ്സിലാക്കി. അപേക്ഷകൾ വരുന്നതനുസരിച്ച് ഫയൽ തീർപ്പാക്കൽ നടക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഇത് പരിഹരിക്കാനുള്ള നിർദേശങ്ങളും ജീവനക്കാരോട് ആരാഞ്ഞു. രണ്ടു ജീവനക്കാരോടൊപ്പം ശനി രാവിലെ എത്തിയ കമീഷണർ വൈകിട്ട് അഞ്ചോടെയാണ് മടങ്ങിയത്.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കേസുകളിൽ നടപടിക്രമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനാൽ ആർഡി ഓഫീസ് ജീവനക്കാരായ 27 പേരെ 2021 ആഗസ്തിൽ സ്ഥലംമാറ്റിയിരുന്നു. തുടർന്ന് ഇൻസ്പെക്ഷൻ വിഭാഗം പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ, റിപ്പോർട്ടിൽ തുടർനടപടി ഉണ്ടായില്ല. തുടർന്ന് രണ്ട് അദാലത്തും നടത്തി. എന്നാൽ, ആർഡി ഓഫീസ് ജീവനക്കാർ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
സംഭവത്തിൽ കലക്ടർ ജാഫർ മാലിക് വെള്ളിയാഴ്ച അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. ഭൂമി തരംമാറ്റാൻ വൈകുന്നതിൽ ആർഡി ഓഫീസിലെ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും കലക്ടർ വ്യക്തമാക്കി. സജീവൻ ഭൂമി തരംമാറ്റത്തിന് സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും സബ് കലക്ടർ, ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.