പാരിസ് > ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും റഷ്യയും ഉക്രയ്നും സന്ദർശിക്കുന്നു. മാക്രോൺ തിങ്കളാഴ്ച മോസ്കോയും ചൊവ്വാഴ്ച കീവും സന്ദർശിക്കും. 14നും 15നും ഷോൾസ് ഇരു രാജ്യവും സന്ദർശിക്കും. തിങ്കളാഴ്ച വാഷിങ്ടണിലെത്തുന്ന ഷോൾസ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ബീജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉക്രയ്നെ നാറ്റോയുടെ ഭാഗമാക്കരുതെന്ന റഷ്യൻ ആവശ്യത്തെ പിന്തുണച്ചിരുന്നു. നാറ്റോയിലെ പ്രധാന അംഗരാജ്യമായ ഫ്രാൻസ് ഉക്രയ്ന്റെ അയൽരാജ്യമായ റൊമാനിയയിലേക്ക് സൈന്യത്തെ അയക്കാനും തുടങ്ങി. അതിനിടെയാണ് സമാധാനശ്രമം എന്ന പേരിൽ മാക്രോണിന്റെ നീക്കം.