തിരുവനന്തപുരം > സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്ന 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ തീരുമാനം. കോവിഡ് മഹാമാരിയിൽ സ്കൂൾ അടച്ച 2020 മാർച്ചിനുശേഷം ആദ്യമായാണ് ക്ലാസുകൾ വൈകിട്ട് നാലുവരെയാക്കുന്നത്. എന്നാൽ, നിലവിലുള്ള മാനദണ്ഡപ്രകാരം ബാച്ച് തിരിച്ചുതന്നെയാകും പഠനം.
നവംബറിൽ ആദ്യം സ്കൂൾ തുറന്നശേഷം ഉച്ചവരെയാണ് ക്ലാസുണ്ടായിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ഇത്. മൂന്നാം തരംഗം ശക്തമായതോടെ കഴിഞ്ഞ ജനുവരി 21ന് വീണ്ടും അടച്ചു. രോഗികൾ കുറഞ്ഞതോടെയാണ് തുറക്കാൻ തീരുമാനിച്ചത്. മുഴുവൻ പാഠഭാഗവും പഠിപ്പിച്ചുവെന്ന് ഉറപ്പാക്കാനാണ് ക്ലാസുകൾ പൂർണസമയമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
10, 11, 12 ക്ലാസുകളിൽ മോഡൽ പരീക്ഷ നടത്തും. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ 14ന് ആരംഭിക്കും. അതുവരെ ഓൺലൈൻ പഠനം തുടരും. ഒമ്പതുവരെയുള്ള ക്ലാസുകളും രാവിലെമുതൽ വൈകിട്ടുവരെയാക്കുന്നതും പരിഗണനയിലാണ്. തിങ്കൾ പകൽ 11ന് ചേരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ ഇതിനുള്ള മാർഗരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
വിദേശ യാത്രക്കാർക്ക് 7 ദിവസം സ്വയം നിരീക്ഷണം
കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരും ഏഴ് ദിവസം സ്വയം നിരീക്ഷണം നടത്തണം. ലക്ഷണമുണ്ടെങ്കിൽ മാത്രം ആർടിപിസിആർ നടത്തിയാൽ മതി. വിമാനത്താവളത്തിൽ രണ്ട് ശതമാനം പേരിൽ പരിശോധന നടത്തും. എയർലൈൻസ് ജീവനക്കാരാണ് ഇവരെ കണ്ടെത്തുക. ചെലവ് സംസ്ഥാനം വഹിക്കും.
പോസിറ്റീവാണെങ്കിൽ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയക്കും. നിരീക്ഷണത്തിലുള്ളവർ എട്ടാം ദിവസം ആന്റിജൻ പരിശോധന നടത്തുന്നതാണ് ഉചിതം. എട്ടാം ദിവസം ആർടിപിസിആർഎന്നത് ഒഴിവാക്കി.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന അവലോകന യോഗത്തിലെ തീരുമാനങ്ങൾ മാർഗനിർദേശങ്ങളായി പുറപ്പെടുവിച്ചു.