കൊച്ചി > തന്നെ ആക്രമിച്ചതിന്റെ ദൃശ്യം ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. കത്തിന്റെ പകർപ്പ് മുഖ്യമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലൻസ് കമീഷണർമാർ, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര––സംസ്ഥാന വനിതാ കമീഷൻ തുടങ്ങിയവർക്കും നൽകി.
ക്വട്ടേഷൻ പ്രകാരം തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇതിൽ അടിയന്തര അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. കേസ് ആദ്യം പരിഗണിച്ച കോടതിയിൽനിന്ന് വിചാരണക്കോടതിയിലേക്ക് കൈമാറുന്ന ഘട്ടത്തിൽ ദൃശ്യങ്ങൾ ചോർന്നതായാണ് ആരോപണം. തന്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത്. കോടതിയിൽനിന്ന് നീതി പ്രതീക്ഷിക്കുന്ന ഒരാളാണ് താൻ. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണം–- കത്തിൽ പറഞ്ഞു.
പീഡനദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപും കൂടെയുള്ളവരും ഇവ കണ്ടെന്നുമുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കുകയാണ്.