തിരുവനന്തപുരം > പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനോരോഗ വിദഗ്ധൻ ഡോ. ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒരു വർഷം പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പോക്സോ കേസിൽ ഡോക്ടറെ ശിക്ഷിക്കുന്നത് ആദ്യമായിട്ടാണ്.
2017 ആഗസ്ത് 14ന് പ്രതിയുടെ മണക്കാടുള്ള വീട്ടിലെ ക്ലിനിക്കിൽവച്ചാണ് സംഭവം. കുട്ടി പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് അധ്യാപകർ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതി സ്കൂളിൽ മനഃശാസ്ത്ര ക്ലാസ് എടുക്കുന്നതിനാൽ അധ്യാപകർ പ്രതിയെ കാണിക്കാൻ രക്ഷിതാക്കളോട് പറഞ്ഞു. ഇതിനാലാണ് രക്ഷിതാക്കൾ കുട്ടിയുമായി പ്രതിയെ കാണിക്കാൻ എത്തിയത്.
കുട്ടിയെ മാത്രമായിട്ടാണ് പ്രതി മുറിക്കുള്ളിൽ ചികിൽസയ്ക്കായി വിളിച്ചത്. ഒരു പസിൽ എടുത്ത് നൽകിയശേഷം അത് അസംബിൾ ചെയ്യാൻ പറഞ്ഞു. അശ്ലീല വീഡിയോകൾ കാണാറുണ്ടോയെന്നും പ്രതി കുട്ടിയോട് ചോദിക്കുകയും സെക്സിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടയിൽ പ്രതി പലതവണയായി കുട്ടിയുടെ കവിളിൽ ഉമ്മ വയ്ക്കുകയും സ്വകാര്യഭാഗത്ത് പിടിച്ച് തടവുകയും ചെയ്തു. ഇതിൽ കുട്ടി ഭയന്നപ്പോൾ ആരോടും പറയരുതെന്നു പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി.
തിരിച്ച് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നതു കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. വീട്ടുകാർ ഉടനെ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ഈ സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കാണാതിരിക്കാൻ പറ്റില്ലായെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്. പ്രതി ഡോക്ടറായതിനാൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. ചികിൽസയ്ക്കെത്തിയ മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരായ മറ്റൊരു കേസിൽ വിചാരണ അടുത്ത മാസം തുടങ്ങും.