ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 190 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത രാജ് ബവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്റേയും ബൗളിഗിന് മുന്നിൽ ഇംഗ്ലണ്ടിന് അടിപതറി. ജെയിംസ് റ്യൂവിന്റെ ചെറുത്ത് നിൽപ്പാണ് ഇംഗ്ലണ്ടിനെ കരക്കയറ്റിയത്. 116 പന്തിൽ 12 ഫോറിന്റെ അകമ്പടിയോടെ ജെയിംസ് റ്യൂ 95 റൺസ് അടിച്ചെടുത്തു.
24 വർഷത്തിന് ശേഷം ലോകകപ്പ് സ്വപ്നം കണ്ടിറങ്ങിയ ഇംഗ്ലണ്ട് കർച്ചയോടെയാണ് തുടങ്ങിയത്. 3.3 ഓവർ ആയപ്പോഴേക്കും അവർക്ക് രണ്ട് വിക്കറ്റ് നഷ്ടമായി പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു. ഏഴു വിക്കറ്റിന് 91 റൺസ് എന്ന നിലയിലായ ഇംഗ്ലണ്ടിനെ എട്ടാം വിക്കറ്റിൽ ജെയിംസ് റ്യൂവും ജെയിംസ് സെയ്ൽസും ഒത്തുചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 93 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 65 പന്തിൽ 34 റൺസോടെ ജെയിംസ് സെയ്ൽസ് പുറത്താകാതെ നിന്നു.















