ചാലക്കുടി> സുബിനും ബെനറ്റും രക്ഷകരായതോടെ അവശനായി കിടന്ന നായക്കുട്ടിക്ക് പുനർജന്മം. ചാലക്കുടി കേബിൾ വിഷൻ ജീവനക്കാരായ ചാലക്കുടി തെക്കേടത്ത് സുബിൻ, താഴേക്കാട് സ്വദേശി ബെനറ്റ് എന്നിവരുടെ കാരുണ്യമാണ് നായക്കുട്ടിക്ക് പുനർജന്മം നല്കിയത്.
കേബിൾ കണക്ഷൻ നല്കുന്നതിനായി ഇരുവരും കടിച്ചീനി കോംപ്ലക്സ് കെട്ടിടത്തിന്റെ മുകളിലെത്തിയപ്പോഴാണ് ചുട്ടുപൊള്ളുന്ന വെയിലത്ത് അവശനിലയിൽ കിടക്കുന്ന അറ് മാസത്തോളം പ്രായമുള്ള നായക്കുട്ടിയെ കണ്ടത്. എണീറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നായക്കുട്ടി. കേബിൾ ജോലികൾ നിർത്തിവച്ച് ഉടൻ യുവാക്കൾ നായക്കുട്ടിയെ പരിചരിച്ചു. കാർബോർഡ് പെട്ടിയിലാക്കി താഴെയിറക്കി. പാലും ബിസ്ക്കറ്റും വാങ്ങി കുടിപ്പിച്ചതോടെ നായക്കുട്ടി ഉഷാറായി. വിവരമറിഞ്ഞ് കോംപ്ലക്സിലെ വ്യാപാരികളും സംരക്ഷണം ഏറ്റെടുത്തു.