ഇ ശ്രീധരൻ അടക്കമുള്ള കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തിനു പിന്നാലെയാണ് സിൽവര്‍ലൈൻ പദ്ധതിയ്ക്കെതിരെ കേന്ദ്രം നിലപാട് കടുപ്പിച്ചത്. ഡിഎംആര്‍സി മുൻ എംഡി കൂടിയായ ഇ ശ്രീധരനു പുറമെ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘത്തിലുണ്ടായിരുന്നു. പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും പരിസ്ഥിതിനാശമുണ്ടാകുമെന്നും ഈ കാരണം കൊണ്ട് പദ്ധതി അനുവദിക്കരുതെന്നും ബിജെപി നേതാക്കള്‍ റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്നും അശാസ്ത്രീയമാണെന്നും ഈ നിലയ്ക്ക് പദ്ധതി നടപ്പാക്കാൻ അനുമതി നല്‍കരുതെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. അതേസമയം, പദ്ധതിയ്ക്ക് അനുമതി നല്‍കണോ വേണ്ടയോ എന്നു പറയണമെങ്കിൽ പൂര്‍ണമായ ഡിപിആര്‍ ലഭ്യമാക്കണമെന്നും വി മുരളീധരൻ വ്യക്തമാക്കി.
Also Read:
നിലവിലെ സാഹചര്യത്തിൽ കെ റെയിൽ കോര്‍പ്പറേഷൻ നടത്തുന്ന സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തി വെക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സിൽവര്‍ലൈൻ പദ്ധതി സംബന്ധിച്ച നിലപാട് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. ഡിപിആറിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും അതുവരെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിൽ നിന്ന് ഡിപിആറിൽ കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
Also Read:
അതേസമയം, പ്രാഥമിക നടപടികള്‍ക്ക് കേന്ദ്രത്തിൻ്റെ തത്വത്തിലുള്ള അനുമതിയുണ്ടെന്നും ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തിൻ്റെ അടിസ്ഥാനത്തിൽ സാമൂഹികാഘാത പഠനത്തിനായുള്ള സര്‍വേയാണ് നടക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ റെയിൽ സര്‍വേയ്ക്കെതിരെ ലഭിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച് സര്‍വേ നടത്തുന്നത് തടഞ്ഞ സിംഗിള്‍ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കേരള ഹൈക്കോടതി. കേസിൽ വാദം പൂര്‍ത്തിയായ സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റി. സര്‍വേ തുടരുന്നത് അടക്കമുള്ള കാര്യങ്ങളിൽ കോടതി അന്തിമ തീരുമാനം അറിയിക്കും.
കേരളം സമര്‍പ്പിച്ച ഡിപിആറിന് റെയിൽവേ ബോര്‍ഡിൻ്റെയും നീതി ആയോഗിൻ്റെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിനു ശേഷം ധനമന്ത്രാലയത്തിൻ്റെയും പ്ലാനിങ് ആൻ്റ് ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിൻ്റെയും റെയിൽവേ ബോര്‍ഡ് നീതി ആയോഗ് എന്നിവയുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ബോര്‍ഡിൻ്റെ പരിശോധനയും നടത്തേണ്ടതുണ്ട്. ഇതിനു ശേഷമാണ് റെയിൽവേ മന്ത്രിയുടെ അനുമതിയോടു കൂടി ധനമന്ത്രിയ്ക്ക് കൈമാറുക. ഇതിനു ശേഷം കാബിനറ്റ് കമ്മിറ്റി അംഗീകരിച്ചാൽ മാത്രമേ കേന്ദ്രസര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചെന്നു പറയാൻ കഴിയൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കൂടാതെ റെയിൽവേയുടെ സ്ഥലത്ത് കെ റെയിൽ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാൻ കഴിയില്ലെന്നും എന്നാൽ മറ്റു പഠനങ്ങള്‍ നടത്തുന്നതിൽ എതിര്‍പ്പില്ലെന്നും റെയിൽവേ വ്യക്തമാക്കി. കൂടാതെ പദ്ധതിയുടെ വായ്പയുടെ ബാധ്യത റെയിൽവേയ്ക്ക് ബാധകമാകുമോ എന്നു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.