തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തുലുമായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വർണ്ണം കടത്തിയെന്ന് ഇതുവരെ താൻ പറഞ്ഞിട്ടില്ല. എന്നാൽ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കനറിയാമെന്നും സ്വപ്ന പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വപ്ന.
അഭിമുഖത്തിൽ സ്വപ്ന പറഞ്ഞ കാര്യങ്ങൾ: ഒരുപാട് മാനസിക പീഡനങ്ങൾ ഏറ്റാണ് ഞാൻ കഴിഞ്ഞ ഒന്നേകാൽ വർഷം ജയിലിൽ കിടന്ന് വന്നത്. അനുഭവിച്ചത് അനുഭവിച്ചു, സമൂഹത്തിൽ ഒരുപാട് ആളുകൾ മനസ്സിലാക്കാതെ പോകുന്ന കുറേ സത്യങ്ങളുണ്ട്. ഒരു സ്ത്രീയും മോശമല്ല. എല്ലാ സ്ത്രീക്കും ഒരു ഭൂതകാലമുണ്ട്. കല്യാണം എന്ന കയറ് പല പെൺകുട്ടികൾക്കും തൂക്കുകയറാണ്. വ്യക്തപരമായി എനിക്കും അങ്ങനെയാണുണ്ടായത്. കുഞ്ഞുങ്ങളുണ്ടാകുന്നതോടെ അവരെ വളർത്താൻ ജീവിതത്തിൽ പല സർക്കസുകളും നടത്തേണ്ടി വരും.
ഒന്നിലേക്കും പോകേണ്ട, എല്ലാം അവസാനിപ്പിക്കാമെന്ന് ഞാനും അമ്മയും തീരുമാനമെടുത്തതായിരുന്നു. ഈ സമയത്താണ് ശിവശങ്കറിന്റെ പുസ്തകം വരുന്നത്. വ്യക്തിത്വത്തിന് ശിവശങ്കർ വില കൽപ്പിക്കുന്നുണ്ടെങ്കിൽ എല്ലാ കാര്യങ്ങളും അദ്ദേഹം എഴുതണമായിരുന്നു. എല്ലാം അതിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഒരു നിസാര ഐ ഫോൺ നൽകിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മനോവികാരങ്ങളെ കുറിച്ച്, ഞാനുമായി പങ്കുവെച്ച കാര്യങ്ങളെ കുറിച്ച്, എന്നെ അദ്ദേഹം എങ്ങനെ ഉപയോഗിച്ചു എന്നതിനെ കുറിച്ച് എല്ലാം എഴുതണമായിരുന്നു.
ചതിക്കാനാണെങ്കിൽ എനിക്ക് ശിവശങ്കർ സാറിനെ നിമിഷങ്ങൾ കൊണ്ട് ചതിക്കാമായിരുന്നു. ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. കളവ് പറഞ്ഞുകൊണ്ടല്ല, സത്യംപറഞ്ഞുകൊണ്ട് തന്നെ ചതിക്കാമായിരുന്നു. ശിവശങ്കറും ഞാനും തമ്മിലുള്ള കാര്യങ്ങളെ കുറിച്ചെഴുതുകയാണെങ്കിൽ അത് വലിയൊരു പുസ്തകമായിരിക്കും. അതിന് വേണ്ട ഒരു പോയിന്റുകളും ചിത്രങ്ങളും യഥാർഥ്യങ്ങളുമുണ്ട്.
എനിക്ക് ആരേയും ചെളിവാരി തേക്കാൻ താത്പര്യമില്ല. എന്നെ എറിഞ്ഞാൽ, ഞാനും എറിയും. ഒരു ഐ ഫോൺകൊണ്ട് ഒരാളെ ചതിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?
ഞാൻ കുറച്ച് വ്യക്തിത്വമുള്ള ആളാണ്. ആരെയെങ്കിലും സാധനങ്ങൾ എടുത്ത് ശിവശങ്കറിന് പൊതിഞ്ഞു കൊടുക്കേണ്ട കാര്യം എനിക്കില്ല. അങ്ങനെയാണെങ്കിൽ എന്റെ ജീവിതത്തിൽ ഒന്നും ഞാൻ ശിവശങ്കറിന് വേണ്ടി ചെയ്തുകൊടുക്കില്ലായിരുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്തുനൽകിയിട്ടുണ്ട്.
എന്റെ സാഹചര്യങ്ങൾ ശിവശങ്കർ ചൂഷണം ചെയ്തിട്ടുണ്ട്. ഞാനൊരു ഇരയാണ്. എന്റെ വികാരങ്ങളേയും ഞങ്ങൾ തമ്മിലുള്ള ബന്ധത്തേയും അദ്ദേഹം അധിക്ഷേപിച്ചു.
ശിവശങ്കർ സ്വർണ്ണം കടത്തിയെന്ന് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയുകയുമില്ല. ഒന്നും അദ്ദേഹത്തിന് അറിയില്ലേ എന്ന് ചോദിച്ചാൽ, അദ്ദേഹവുമായി പരിചയപ്പെട്ടശേഷം എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിനറിയാം. എല്ലാ കാര്യങ്ങളും തെളിയിക്കാനാകും.
എല്ലാ ദിവസവും ഞങ്ങൾ വിളിക്കാറുണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ അദ്ദേഹം വീട്ടിൽ വരാറുണ്ടായിരുന്നു. എല്ലാം അറിയാമായിരുന്നു.
ശിവശങ്കറുമായി എങ്ങനെ ഇത്ര അടുത്തെന്ന് സത്യത്തിൽ എനിക്കറിയില്ല. ഞാൻ ഊട്ടിയിലെ കുതിരയെ പോലെ അദ്ദേഹം പറയുന്നത് മുഴുവൻ അനുസരിക്കുകയായിരുന്നു. അദ്ദേഹത്തെ അത്രയും വിശ്വസിച്ചിരുന്നു. എന്റെ അമ്മ പോലും എല്ലാ കാര്യങ്ങളിലും ശിവശങ്കറിനോട് ഉപദേശം തേടാൻ ആവശ്യപ്പെടുമായിരുന്നു.
എനിക്കെന്റെ ഭർത്താവിനെ ആശ്രയിക്കാനാകുമായിരുന്നില്ല. അദ്ദേഹം ഒരിക്കലും എന്നെ പിന്തുണച്ചിരുന്നില്ല. എന്നെ ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്റെ പണം എല്ലാം പോയി എന്ന് കണ്ടപ്പോൾ എന്നെ വിട്ടുപോകുകയും ചെയ്തു.
കസ്റ്റഡിയിൽ വെച്ച് ശിവശങ്കറിനെ കണ്ടപ്പോൾ എന്നെ അറിയാത്തപോലെയാണ് അദ്ദേഹം പെരുമാറിയത്. ശിവശങ്കർ സഹായിക്കുമെന്ന് ഉറപ്പ് നൽകി കൊണ്ടാണ് വനിതാ പോലീസുകാരി എന്റെ ഫോൺകോൾ റെക്കോർഡ് ചെയ്തത്. അവർ പറഞ്ഞ തിരക്കഥയനുസരിച്ച് ഞാൻ സംസാരിക്കുകയായിരുന്നു.
Content Highlights : Swapna Sureshs revelations in Gold smuggling case