ന്യൂഡൽഹി
എൻഫോഴ്സ്മെന്റ്,സിബിഐ, എൻഐഎ അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയുടെയോ ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരുടെയോ മേൽനോട്ടത്തിൽ സമിതി രൂപീകരിക്കണമെന്ന് ആവശ്യം. എംപി, എംഎൽഎമാർക്ക് എതിരായ ക്രിമിനൽകേസുകളുടെ വിചാരണ വേഗത്തിലാക്കാൻ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി വിജയ്ഹൻസാരിയയാണ് ആവശ്യം ഉന്നയിച്ചത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പക്ഷപാതപരമാണെന്ന വിമർശം ശക്തമായിരിക്കെയാണ് ഈ ശ്രദ്ധേയ നിരീക്ഷണം.
രണ്ടുവർഷത്തിൽ സിറ്റിങ്, മുൻ എംപി-, എംഎൽഎമാരുള്പ്പെട്ട ക്രിമിനൽ കേസുകളുടെ എണ്ണം 4122ൽനിന്ന് 4984 ആയി. അഞ്ചുവർഷത്തിലേറെ പഴക്കമുള്ള 1899 കേസുണ്ടെന്നും അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾ ഉള്പ്പെട്ട ക്രിമിനൽ കേസ് വിചാരണ വേഗത്തിലാക്കാൻ അടിയന്തര നടപടിവേണം. കോടതികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും റിപ്പോര്ട്ടിലുണ്ട്.