ബീജിങ്
ധാരണകള് തെറ്റിച്ചുള്ള നാറ്റോ വിപുലീകരണം എതിർക്കുന്ന റഷ്യയുടെ നിലപാടിനെ പിന്തുണയ്ക്കുമെന്ന് ചെെന. ശീതകാല ഒളിമ്പിക്സിനായി ബീജിങ്ങിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചെെനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉക്രയ്ൻ അക്രമിക്കാന് റഷ്യ പദ്ധതിയിടുന്നതായി ആരോപിച്ച് യുദ്ധകോലാഹലം സൃഷ്ടിക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യചേരിക്ക് ശക്തമായ സന്ദേശമാണ് ഇരുനേതാക്കളും നല്കിയത്. ശീതകാലയുദ്ധ സമീപനം ഉപേക്ഷിക്കാനും മറ്റ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും നാഗരിക, സാംസ്കാരിക ചരിത്ര പശ്ചാത്തലങ്ങളുടെ വെെവിധ്യവും മാനിക്കാനും നാറ്റോ സഖ്യത്തോട് ആവശ്യപ്പെട്ട് ഇരുരാഷ്ട്രവും സംയുക്ത പ്രസ്താവനയിറക്കി.യുഎസും യുകെയും ഓസ്ട്രേലിയയും തമ്മിലുള്ള സുരക്ഷാ ഉടമ്പടിയിൽ ആശങ്കയുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. തായ്വാൻ വിഷയത്തിൽ ചെെനയുടെ നിലപാടിനെ റഷ്യ പിന്തുണച്ചു.
അന്താരഷ്ട്ര സുരക്ഷയും സുസ്ഥിരതയും സംബന്ധിച്ച് സമഗ്രമായ ചർച്ച നടന്നുവെന്ന് ചെെനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ഉക്രയ്ൻ വിഷയം സജീവമായി നിൽക്കുന്നതിനിടയിലാണ് പുടിന്റെ ചെെനാ സന്ദർശനം. അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ശീതകാല ഒളിമ്പിക്സിന് നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കെയാണ് പുടിന്റെ ബീജിങ് സന്ദർശനം. ഇരുനേതാക്കളും തമ്മിൽ 2019നു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.