കൊച്ചി
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയിൽ വായിച്ച് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ. ഗൂഢാലോചന നേരിട്ടുകണ്ട സാക്ഷിയുണ്ടെന്ന് ഡിജിപി ടി എ ഷാജി ഹൈക്കോടതിയിൽ പറഞ്ഞു. അയാൾ ഡിജിറ്റൽ തെളിവും ഹാജരാക്കിയിട്ടുണ്ട്. സാക്ഷി ബാലചന്ദ്രകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു കെ പൗലോസിന് മുൻപരിചയം ഇല്ല. ഓഡിയോ ക്ലിപ് കേട്ടതിനുശേഷമാണ് തങ്ങളെ കൊല്ലാൻ ശ്രമിച്ചെന്ന് മനസ്സിലാകുന്നത്. നല്ല പണികൊടുക്കും എന്ന് പറയുന്നത് എങ്ങനെ ശാപവാക്കാകും. ഇവന്മാരെ മൊത്തം കത്തിക്കണം എന്നുപറഞ്ഞ മൊഴി ഉണ്ട്. ഏഴിൽക്കൂടുതൽ ഫോൺ പ്രതികൾ ഒറ്റയടിക്ക് മാറ്റിയതുതന്നെ ഗൂഢാലോചന വ്യക്തമാക്കുന്നു. ഒരു ഫോൺ ഹാജരാക്കിയിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽമാത്രമേ കണ്ടെത്താൻ സാധിക്കൂ. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ല. അവരുടെ മുൻകാലചരിത്രവും പരിശോധിക്കണം.
പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. ദിലീപിന് കേസിൽ കിട്ടിയ സൗകര്യങ്ങൾ ഒരു സാധാരണക്കാരന് കിട്ടുമോ എന്നും ഡിജിപി ചോദിച്ചു.പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം മുഴുവനും കള്ളമാണെന്ന് ദിലീപ് ആരോപിച്ചു. പല ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തു. എന്നിട്ടും സഹകരിച്ചില്ലെന്നാണ് പറയുന്നത്. കുറ്റവാസനയുള്ളയാൾ നിയമത്തിന്റെ മുന്നിൽ കുറ്റക്കാരനാകില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള മറുപടിവാദത്തിൽ പറഞ്ഞു.
ദിലീപിന്റെ ശബ്ദം
പരിശോധിക്കും
കൊലപാതക ഗൂഢാലോചന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്ദം പരിശോധിക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നോട്ടീസ് ബോർഡിലാണ് ഉത്തരവ് പതിപ്പിച്ചത്. ദിലീപ്, അനുജൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സുരാജ് എന്നിവരുടെ ശബ്ദപരിശോധനയാണ് നടത്തുക. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പിലെ ശബ്ദമാണ് പരിശോധിക്കുക. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ദിലീപിന്റെ ചോദ്യം ചെയ്യലിനിടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ശബ്ദം കേൾപ്പിച്ചിരുന്നു. സംവിധായകരായ റാഫി, വ്യാസൻ എടവനക്കാട് എന്നിവർ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം തിരിച്ചറിഞ്ഞു.
ഗൂഢാലോചനയിൽ തെളിവ്
നിരത്തി പ്രോസിക്യൂഷൻ
ഗൂഢാലോചന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയെ തെളിവ് നിരത്തി എതിർത്ത് പ്രോസിക്യൂഷൻ. ദിലീപിന്റേതടക്കം ഗൂഢാലോചനയുമായി നേരിട്ട് ബന്ധമുള്ള പലരുടെയും ശബ്ദരേഖ ഹാജരാക്കിയിട്ടുണ്ട്. 2017 നവംബർ 15ന് ദിലീപിന്റെ ആലുവയിലെ “പത്മസരോവരം’ വീട്ടിൽ ദിലീപ്, അനൂപ്, സുരാജ്, ശിവകുമാർ (അപ്പു), ബൈജു ചെങ്ങമനാട് തുടങ്ങിയവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്. “പിക്പോക്കറ്റ്’എന്ന സിനിമയുടെ ചർച്ചയ്ക്കായി ബാലചന്ദ്രകുമാറും അവിടെയുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, എം ജെ സോജൻ, കെ എസ് സുദർശനൻ, എ വി ജോർജ്, ബി സന്ധ്യ തുടങ്ങിയവരെ വധിക്കാനാണ് സംഘം പദ്ധതിയിട്ടത്. “ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഒരു ഗ്രൂപ്പിലിട്ടു തട്ടണം’ എന്ന് ദിലീപ് അനുജൻ അനൂപിനോട് പറഞ്ഞു. “ഒരു വർഷം ഒരു ലിസ്റ്റ് ഉണ്ടാക്കരുത്, ഒരു റെക്കോഡും ഉണ്ടാകരുത്, ഫോൺ ഉപയോഗിക്കരുത്’ എന്ന് അനൂപ് പറഞ്ഞു. 2017 ഡിസംബറിൽ എംജി റോഡിൽ ദിലീപിന്റെ മുൻ ഭാര്യയുടെ പേരിലുള്ള മേത്തർ ഫ്ലാറ്റിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഗൂഢാലോചന നടത്തി. 2018 മേയിൽ ആലുവയിലെ പൊലീസ് ക്ലബ്ബിനുമുന്നിലൂടെ പോകുന്നതിനിടെ “ഇവൻമാരെ മൊത്തം കത്തിക്കണം’എന്ന് ദിലീപ് പറഞ്ഞു. എ വി ജോർജിനും ബി സന്ധ്യക്കും ഓരോ പൂട്ടു മാറ്റിവച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതിന്റെയെല്ലാം ശബ്ദരേഖ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ വ്യവസായി സലീമിനെ മൊഴിമാറ്റാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഇതിനുപിന്നിൽ. സലീമിന്റെ മൊഴി നിർണായകമാണ്. ബൈജു പൗലോസിനെ കോടതിയിൽ കണ്ടപ്പോൾ ‘സാറും കുടുംബവും സ്വസ്ഥമായി ജീവിക്കുകയാണല്ലേ’ എന്ന് ദിലീപ് ചോദിച്ചത് ഭീഷണിയാണ്–- പ്രോസിക്യൂഷൻ പറഞ്ഞു.