തിരുവനന്തപുരം
ലോക്താന്ത്രിക് ജനതാദൾ വിട്ട സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരീസും ജില്ല, സംസ്ഥാന ഭാരവാഹികളും സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. എ കെ ജി സെന്ററിലെത്തിയ നേതാക്കളെയും പ്രവർത്തകരെയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു.
മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കുംവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് ഷെയ്ഖ് പി ഹാരീസ് പറഞ്ഞു. പാർടിയിലെത്തിയവർക്ക് ഉചിതമായ ഘടകങ്ങൾ തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഷെയ്ഖ് പി ഹാരീസിനൊപ്പം എൽജെഡി സംസ്ഥാന സെക്രട്ടറിമാരായ അങ്കത്തിൽ അജയകുമാർ (കോഴിക്കോട്), വി രാജേഷ് പ്രേം (കണ്ണൂർ), ടി വി സുകുമാരൻ (കാസർകോട്), കെ കെ ബാബു (തൃശൂർ), എം എ ടോമി (എറണാകുളം), എം വി ശ്യാം (ആലപ്പുഴ), എ ഒ ഷാനവാസ് (കൊല്ലം), എ വി ഹലീദ (ഇടുക്കി), പൂവച്ചൽ നാസർ, അഡ്വ. സുരേഷ് (തിരുവനന്തപുരം), പ്രവാസി ജനതാ സംസ്ഥാന പ്രസിഡന്റ് ഷംഷാദ് റഹീം, മേനക ബാലകൃഷ്ണൻ, കെ എ ജമീൽ, സഫീർ പി ഹാരീസ് എന്നിവർക്കാണ് സ്വീകരണം നൽകിയത്. പ്രവർത്തകർ അതത് ജില്ലാതലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിപിഐ എമ്മിനൊപ്പം ചേരുമെന്നും ഷെയ്ഖ് പി ഹാരീസ് അറിയിച്ചു.