സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെയുള്ള കണക്കനുസരിച്ച് രോഗികളുടെ വർധന 10 ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവുമായിരുന്നു വർധന. നാലാം ആഴ്ചയിൽ 71 ശതമാനത്തിലേക്കെത്തി. ഐസിയു വെന്റിലേറ്റർ ഉപയോഗവും കുറഞ്ഞു. ചികിത്സയിലുള്ളവരിൽ 0.9 ശതമാനം പേർക്ക് ഓക്സിജൻ കിടക്കയും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും മന്ത്രി പറഞ്ഞു.
പതിനഞ്ചുമുതൽ 17 വരെ പ്രായമുള്ള 73 ശതമാനം പേർ (11,36,374) വാക്സിനെടുത്തു. ഇവർക്കുള്ള രണ്ടാം ഡോസ് വാക്സിനേഷൻ ആരംഭിച്ചു. 2.3 ശതമാനം (35,410) രണ്ടാം ഡോസ് എടുത്തു. 18നു മുകളിൽ ആദ്യ ഡോസ് 100 ശതമാനവും രണ്ടാം ഡോസ് 85 ശതമാനവുമാണ്. കരുതൽ ഡോസ് വിതരണം 40 ശതമാനമാണ്–- (6,59,565 പേർ).
ക്യാൻസർ രജിസ്ട്രി
കേരള ക്യാൻസർ രജിസ്ട്രിയുടെ പ്രവർത്തനം ആരംഭിച്ചു. ജനസംഖ്യാടിസ്ഥാനത്തിൽ മൂന്നു മേഖലയായി തിരിച്ചാണ് രജിസ്ട്രി. ആർസിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഏകോപനം. രണ്ടായിരത്തിമുപ്പതോടെ അർബുദ രോഗമുക്തി നിരക്ക് വർധിപ്പിക്കുകയാണ് ലക്ഷ്യം. ചികിത്സച്ചെലവും ഗണ്യമായി കുറയ്ക്കാനാകും. ആരോഗ്യപ്രവർത്തകർക്ക് രജിസ്ട്രി സംബന്ധിച്ച് പരിശീലനവും നൽകും.
മരണനിർണയം സുതാര്യം
സംസ്ഥാനത്ത് കോവിഡ് മരണം കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന കേന്ദ്രപരാമർശം ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പ് കൃത്യമായ പദ്ധതി ആവിഷ്കരിച്ചാണ് പ്രവർത്തിക്കുന്നത്. മരണമടഞ്ഞവർക്ക് സുപ്രീംകോടതി നിർദേശപ്രകാരം ധനസഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പരമാവധി ആളുകൾക്ക് സഹായകരമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. ഇന്ത്യയിലെ മരണനിരക്ക് 1.4 ശതമാനമാണ്. മഹാരാഷ്ട്രയിൽ 1.83, ഡൽഹിയിൽ 1.41, കർണാടകത്തിൽ 1.01 ശതമാനമാണ്. കേന്ദ്ര നിർദേശപ്രകാരം മരണങ്ങൾ കൂട്ടിച്ചേർത്തിട്ടുപോലും കേരളത്തിലെ മരണനിരക്ക് 0.9 ശതമാനംമാത്രമാണ്.
കേരളം സുതാര്യമായാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഓൺലൈനായി മരണം റിപ്പോർട്ട് ചെയ്യുന്ന ഏക സംസ്ഥാനംകൂടിയാണ് കേരളം. ഇക്കാര്യത്തിൽ കേരളത്തെ സുപ്രീംകോടതി പ്രശംസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.