ന്യൂഡൽഹി
കമ്യൂണിസ്റ്റ്വിരുദ്ധ ആശയാടിത്തറ സ്വീകരിക്കുന്ന ആർഎസ്എസും ബിജെപിയും ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ലക്ഷ്യംവയ്ക്കുകയാണെന്ന് 23–-ാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും കേരളത്തിലും പാർടി പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ ആക്രമണം നടത്തുന്നു. കേരളത്തിൽ ആർഎസ്എസ്–- ബിജെപി ആക്രമണങ്ങളും സിപിഐ എം കേഡർമാരെ കൊലപ്പെടുത്തലും തുടരുന്നു. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ബിജെപി നഗ്നമായി ദുരുപയോഗിക്കുന്നു. ബിജെപിയുടെ ഇത്തരം ശ്രമങ്ങളെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് പിന്തുണയ്ക്കുന്നു. അവരും സിപിഐ എം കേഡർമാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു.
കേരളത്തിലേത് തിളങ്ങുന്ന ജയം
കേരളത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാല് ദശകമായി സർക്കാരുകൾ മാറിമാറി വന്ന കേരളത്തിൽ ഇത് മുമ്പില്ലാത്ത നേട്ടം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പ്രകടനവും 2021ലെ വിജയവും പാർടിക്ക് ശക്തിയും അഭിമാനവുമേകി. ഇടതുപക്ഷ സർക്കാരിന്റെ പ്രകടനം ജനങ്ങളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റം വരുത്തി. സാമൂഹ്യസുരക്ഷാ പദ്ധതികൾ ശരിയായി നടപ്പാക്കി. ജനകേന്ദ്രീകൃത ബദൽനയങ്ങൾ ഫെഡറൽ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ നിന്ന് സംസ്ഥാന സർക്കാരിന് എങ്ങനെ നടപ്പാക്കാനാകുമെന്ന് ഇടതുപക്ഷ സർക്കാർ കാട്ടിത്തന്നു. എല്ലാ വിഭാഗം ആളുകൾക്കും സംരക്ഷണമേകി. ആർഎസ്എസ്–- ബിജെപി അപകടത്തിനെതിരായ പോരാട്ടത്തിന് ഊന്നൽ നൽകുന്നതിനൊപ്പം ബിജെപിയുമായി യുഡിഎഫ് നടത്തുന്ന അവസരവാദ കൂട്ടുകെട്ട് തുറന്നുകാട്ടുകയും ചെയ്തുള്ള ശരിയായ രാഷ്ട്രീയനിലപാട് തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് സംഭാവനയേകി.
കേരളത്തിൽ പ്രകൃതിക്ഷോഭങ്ങൾ ഒന്നൊന്നായി വന്നപ്പോൾ ജനങ്ങൾക്ക് സഹായം നൽകുന്നതിൽ പാർടിയുടെയും ഇടതുപക്ഷത്തിന്റെയും പങ്ക് വലിയതോതിൽ പ്രശംസിക്കപ്പെട്ടു. കോവിഡ് മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്യുക വഴി കേരളം ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പൊതുആരോഗ്യ സംവിധാനം ഉപയോഗപ്പെടുത്തി കോവിഡ് വ്യാപനത്തെ ഫലപ്രദമായി നേരിട്ടു–- കരട് പ്രമേയം വിലയിരുത്തി.
ഹിന്ദുത്വശക്തികളെ ഒറ്റപ്പെടുത്തുക
ഹിന്ദുത്വ ശക്തികളെ ഒറ്റപ്പെടുത്താനുള്ള അടിസ്ഥാന ഉപാധി സിപിഐ എമ്മിനെ ശക്തിപ്പെടുത്തലാണെന്ന് കരട് രാഷ്ട്രീയ പ്രമേയം. രാഷ്ട്രീയവും ആശയപരവും സാംസ്കാരികവും സാമൂഹികവുമായ മണ്ഡലങ്ങളിൽ സുസ്ഥിരമായ വിധത്തിൽ ഹിന്ദുത്വത്തെയും അതിന്റെ വിവിധ രൂപങ്ങളായ വർഗീയ സംഘടനകളെയും ചെറുക്കണം.
ഇതിന്റെ ഭാഗമായി കൃത്യമായ ചുമതലകളോടെ പാർടി രൂപീകരിക്കുന്ന ഗ്രൂപ്പുകൾ വഴി ആശയ–- രാഷ്ട്രീയ ഉള്ളടക്കം തുടർച്ചയായി രൂപം നൽകുക. ഹിന്ദുത്വ–- വർഗീയ ശക്തികളുടെ പ്രതിലോമ ഉള്ളടക്കത്തെ തുറന്നുകാട്ടുംവിധം ജനങ്ങളിലേക്ക് വ്യാപകമായി എത്തുന്ന തരത്തിൽ ജനകീയ ശൈലിയിലാവണം ഇത് നിർവഹിക്കേണ്ടത്. മതന്യൂനപക്ഷങ്ങൾക്കെതിരായി നടത്തുന്ന ഫാസിസ്റ്റ് ആക്രമണങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയുമെല്ലാം സജീവമായി ചെറുക്കണം. പൊതുഇടങ്ങൾ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരായി നിതാന്ത ജാഗ്രത പുലർത്തണം.
ശാസ്ത്രീയ ചിന്തകളെ ഉയർത്തിപ്പിടിക്കുന്നതിനും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചെറുക്കുന്നതിനും ജനകീയ ശാസ്ത്രീയ പ്രസ്ഥാനങ്ങളെയും സാമൂഹിക–- സാംസ്കാരിക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണം. സാമൂഹിക അടിച്ചമർത്തലുകൾക്കെതിരായി നിലകൊള്ളണം. സാമൂഹികസേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. വിവിധ ധാരകളെ ഉൾക്കൊള്ളുന്നതും മതേതരവും ജനാധിപത്യപരവുമായ ഉള്ളടക്കത്തിന് പ്രചാരം നൽകുംവിധം വിദ്യാഭ്യാസ മേഖലയിൽ ഇടപെടലുകൾ നടത്തണം–- കരട് പ്രമേയം നിർദേശിച്ചു.
ഭേദഗതികൾ
അയക്കേണ്ടവിധം
● കരട് രാഷ്ട്രീയ പ്രമേയത്തിലെ എല്ലാ ഭേദഗതി നിർദേശങ്ങളിലും പാരഗ്രാഫ് നമ്പരും വാക്യ നമ്പരും ഉണ്ടാകണം
●നിർദേശിക്കുന്ന വ്യക്തിയുടെ പേരും ഘടകവുമുണ്ടാകണം. അല്ലെങ്കിൽ ഏത് ഘടകമാണ് നിർദേശിക്കുന്നതെന്ന് പരാമർശിക്കണം
● നിർദേശങ്ങൾ മാർച്ച് പത്തിനകം ലഭിക്കണം
●തപാലിലോ, കുറിയറിലോ അയക്കാം. വിലാസം
കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സെൻട്രൽ കമ്മിറ്റി, എ കെ ഗോപാലൻ ഭവൻ , 27–-29 ഭായ് വീർസിങ് മാർഗ്, ന്യൂഡൽഹി–- 110001
● കരട് രാഷ്ട്രീയ പ്രമേയത്തിനുള്ള ഭേദഗതി നിർദേശങ്ങൾ എന്ന് കവറിന് മുകളില് എഴുതണം
● നിർദേശം ഇ മെയിലായി അയക്കുന്നവർ ടെക്സ്റ്റ് രൂപത്തിലോ വേർഡ് ഫയലായോ അയക്കുക. ഇംഗ്ലീഷ് അല്ലാതെയുള്ള ഭാഷകളിൽ അയക്കുന്നവർ പിഡിഎഫ് ഫയലായി അയക്കുക.
●ഇ മെയിലിന്റെ സബ്ജക്ടായി കരട് രാഷ്ട്രീയ പ്രമേയത്തിനുള്ള ഭേദഗതികൾ എന്ന് പരാമർശിക്കാം. pol–23@cpim@org വിലാസത്തിലാണ് അയക്കേണ്ടത്