അമ്പലപ്പുഴ
നിർധനകുടുംബത്തിന് വീടുവയ്ക്കാന് ഓട്ടോറിക്ഷാ ഡ്രൈവർ സ്ഥലംവിട്ടു നൽകി. അമ്പലപ്പുഴ വടക്ക് 13––ാം വാര്ഡില് വൈ എം എ ഷുക്കൂറാണ് മകന്റെ വിവാഹത്തലേന്ന് വൃദ്ധമാതാവിനും മകൾക്കും സഹായമൊരുക്കുന്നത്. ഞായറാഴ്ച ആർഭാടങ്ങളില്ലാതെ കമ്പിവളപ്പിലെ മസ്ജിദിലാണ് ഷുക്കൂറിന്റെ മകന് മുഹമ്മദ് ഷഫീഖിന്റെ വിവാഹം. തന്റെ 13 സെന്റിൽനിന്ന് മൂന്ന് സെന്റ് സ്ഥലം വിട്ടുനൽകിയ രേഖ ശനിയാഴ്ച കൈമാറും.
അർബുദം ബാധിച്ച് വര്ഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം വില്ക്കേണ്ടിവന്ന വൃദ്ധമാതാവിനും മകള്ക്കുമാണ് ഭൂമി നൽകുന്നത്. ഒരു വര്ഷമായി ഷുക്കൂറിന്റെ അയല്വീട്ടിൽ വാടകയ്ക്കാണ് ഇവർ കഴിയുന്നത്. മരുന്നും വീട്ടുചെലവും ഷുക്കൂറാണ് വഹിക്കുന്നത്. വാടക ഒരു ബന്ധു നല്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ആശുപത്രിയില് എത്തിക്കുന്നതും തിരികെ കൊണ്ടുവരുന്നതും ഷുക്കൂറിന്റെ ഓട്ടോയിലാണ്.
കോവിഡ് കാലത്ത് ഓട്ടോയുടെ വായ്പ തിരിച്ചടവുവരെ മുടങ്ങി. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും സ്ഥലം സൗജന്യമായി നല്കാൻ തീരുമാനമെടുത്തു. ഇവിടെ വീട് നിർമിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിന് സുമനസുകളുടെ സഹായവും പ്രതീക്ഷിക്കുന്നു. കാക്കാഴം കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ആശ്രയ ചാരിറ്റബിള് സൊസൈറ്റിയുടെ സെക്രട്ടറിയാണ് ഷുക്കൂര്.