നെടുമ്പാശേരി
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ വീഴ്ചയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. അടുത്തിടെ സ്വർണക്കടത്തും കള്ളപ്പണക്കടത്തും കൂടിയതായാണ് വിവിധ ഏജൻസികൾക്ക് ലഭിച്ച വിവരം. കൊച്ചി വിമാനത്താവളംവഴി കടത്തിക്കൊണ്ടുപോകുന്ന കറൻസികൾ ഉപയോഗിച്ച് വിദേശത്തുനിന്ന് സ്വർണം വാങ്ങി തിരികെ കൊണ്ടുവരുന്നതാണ് രീതി. ഇടപാടുകൾക്കുപിന്നിലെ വൻലോബികൾ ഇതിനായി നിരവധി കാരിയർമാരെ നിയോഗിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാലും യഥാർഥ കടത്തുകാർ രക്ഷപ്പെടുകയാണ് പതിവ്.
കോവിഡ് നിയന്ത്രണങ്ങളിൽ പരിശോധന കുറഞ്ഞതോടെ സ്വർണക്കടത്തും കറൻസി കൊണ്ടുപോകലും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസമായി കൊച്ചി വിമാനത്താവളത്തിൽ നാമമാത്ര സ്വർണമേ പിടിച്ചിട്ടുള്ളൂ. പിടികൂടുന്ന കേസുകളിൽ തുടരന്വേഷണവും കാര്യക്ഷമമല്ല. ദക്ഷിണേന്ത്യയിലെ സിനിമാമേഖലയിലെ ചിലർക്കും സ്വർണക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
വിമാനത്താവളംവഴി 2013ൽ കൊണ്ടുവന്ന 20 കിലോഗ്രാം സ്വർണംപിടിച്ച കേസിൽ കഴിഞ്ഞദിവസം തമിഴ് നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തു. സിനിമാ മേഖലയിലുള്ള രണ്ടുപേരെ ഇതിനുമുമ്പും ചോദ്യം ചെയ്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ടി കെ ഫയാസാണ് സ്വർണം കൊണ്ടുവന്ന രണ്ട് സ്ത്രീകൾക്ക് അകമ്പടിയായി വിദേശത്തുനിന്നു വന്നതെന്നും തെളിഞ്ഞിട്ടുണ്ട്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
വിമാനത്താവളത്തിൽ ഏറ്റവും ഒടുവിൽ സ്വർണംപിടിച്ചത്, രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽനിന്നുവന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരാണ്. ഇതേ ഉദ്യോഗസ്ഥസംഘമാണ് കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സ്ത്രീകളടക്കം 28 പേരിൽനിന്നും 21 കിലോഗ്രാം സ്വർണം പിടിച്ചത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ് വിഭാഗം നിഷ്ക്രിയമാകുന്നതിനുപിന്നിൽ കള്ളക്കടത്ത് സംഘത്തിന്റെ സ്വാധീനമുള്ളതായും സംശയമുണ്ട്.