ദുബായ്
യുഎഇയും കേരളവും തമ്മിൽ ഹൃദ്യമായ ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വികസനപദ്ധതികളെ പിന്തുണയ്ക്കുമെന്ന് യുഎഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിന് യുഎഇയിൽ എത്തിയ മുഖ്യമന്ത്രി യുഎഇ വാർത്താ ഏജൻസിയായ വാമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
വിനാശകരമായ പ്രളയം ഉണ്ടായപ്പോൾ, യുഎഇ കേരളത്തോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ–- റെയിൽ അർധ അതിവേഗ റെയിലിന് യുഎഇ സർക്കാരിൽ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.കോവിഡ്- വാക്സിൻ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള പദ്ധതിയിലും യുഎഇ സഹകരണം പ്രതീക്ഷിക്കുന്നു. സ്റ്റാർട്ടപ്പുകളിൽ യുഎഇയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിന് കേരള പ്രതിനിധി സംഘം ഉടൻ യുഎഇ സന്ദർശിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ യുഎഇയുമായി വലിയ സഹകരണ സാധ്യതകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ബുധനാഴ്ച എക്സ്പോ വേദിയിൽ കാണാൻ സാധിച്ചത് ബഹുമതിയായി കരുതുന്നു. എന്തുകൊണ്ടാണ് ഇത്രയധികം മലയാളികൾ യുഎഇയെ, പ്രത്യേകിച്ച് ദുബായിയെ രണ്ടാമത്തെ വീടാക്കിയതെന്ന് അദ്ദേഹംചോദിച്ചു. കേരളീയർ ഈ രാജ്യത്തെ അത്രയധികം സ്നേഹിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പ്രോട്ടോകോൾ പ്രകാരം ഷെയ്ഖ് മുഹമ്മദ് രാഷ്ട്രത്തലവന്മാരെയും ഗവൺമെന്റ് തലവന്മാരെയുമാണ് കാണാറ്. എന്നിട്ടും, ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരിന്റെ തലവനായ എന്നെ കാണാൻ അദ്ദേഹം തയ്യാറായി എന്നത് കേരളത്തോടും കേരളീയരോടുമുള്ള അദ്ദേഹത്തിന്റെ പ്രത്യേക പരിഗണനയാണ് കാണിക്കുന്നത്–- മുഖ്യമന്ത്രി പറഞ്ഞു.