തിരുവനന്തപുരം
അതിവേഗപാതയ്ക്കുവേണ്ടി വാദിച്ചവർതന്നെ അർധ അതിവേഗ പാതയ്ക്കെതിരെ ഇറങ്ങുന്നതുപോലെ വിരോധാഭാസം വേറെയില്ല. കേരളത്തിൽ നിലവിലുള്ള ബ്രോഡ്ഗേജ് പാതയിൽ അനുവദനീയ വേഗതപോലും അസാധ്യമാണെന്ന് പറഞ്ഞ ഇ ശ്രീധരൻ ഈ കുത്തിത്തിരിപ്പ് സംഘത്തിൽ പ്രധാനിയാണെന്നതാണ് മറ്റൊന്ന്. പുതിയ പാത കേരളത്തിൽ ആവശ്യമാണ്, ഗതാഗത തടസ്സം നീക്കാൻ അതിവേഗതയുള്ള ട്രെയിൻ വേണമെന്ന് വാദിച്ചിരുന്നയാളാണ് ശ്രീധരൻ. തന്നെ സമീപിച്ചാൽ ഇപ്പോഴത്തെ പാതയ്ക്കും സഹായം നൽകാമെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, മുഴുവൻ പാതയും തൂണുവഴിയാക്കണം എന്നാണ് ഇപ്പോൾ പറയുന്നത്. സിൽവർ ലൈനിന്റെ എത്ര ഇരട്ടി ചെലവ് വരും, പണം ആര് തരും, എത്രനാൾകൊണ്ട് തീരും എന്നീ കാര്യങ്ങളൊന്നും മിണ്ടുന്നില്ല.എൻഡിഎ കേരളത്തിലിറക്കിയ പ്രകടനപത്രികയിലും അതിവേഗ റെയിൽ പാതയോടുള്ള അടങ്ങാത്ത സ്നേഹമുണ്ടായിരുന്നു. പ്രധാന കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ‘അതിവേഗ ട്രെയിൻ ’ എന്നായിരുന്നു അന്നത്തെ വാഗ്ദാനം. അതെല്ലാം മറന്നാണ് സിൽവർ ലൈനിനെതിരെ ഇക്കൂട്ടരിറങ്ങുന്നത്.
ഇ ശ്രീധരന്റെ ഡിഎംആർസി
കോടികൾ കൈപ്പറ്റി
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യുഡിഎഫ് പ്രഖ്യാപിച്ച തിരുവനന്തപുരം –- കാസർകോട് അതിവേഗ പാതയ്ക്കുള്ള കൺസൾട്ടൻസി ഫീസ് കൈപ്പറ്റിയത് ഡിഎംആർസി. സിൽവർ ലൈനിനെ എതിർക്കാൻ കച്ചകെട്ടിയിറങ്ങിയ ഇ ശ്രീധരനായിരുന്നു അന്ന് ഡിഎംആർസി എംഡി. ഇതിനുൾപ്പെടെ നടക്കാതെപോയ പദ്ധതിക്ക് ആകെ യുഡിഎഫ് ചെലവഴിച്ചത് 21 കോടി രൂപ. 2014 ജനുവരി ഏഴിന് എം എ ബേബി നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ‘അതിവേഗ റെയിൽ കോറിഡോർ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനത്തിന് ബജറ്റിൽ വകയിരുത്തിയ തുകയുടെ എത്ര ശതമാനം ചെലവഴിച്ചു’ എന്നായിരുന്നു ചോദ്യം. കുഞ്ഞാലിക്കുട്ടിയുടെ മറുപടി: ‘ ഈ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ 2011–-12 സാമ്പത്തിക വർഷം 50 കോടി രൂപ അനുവദിച്ചു. പ്രസ്തുത തുക ഉപയോഗിച്ച് ഡിഎംആർസിയുടെ കൺസൾട്ടൻസി ഫീയുടെ രണ്ട് ഗഡു, ഓഫീസ് ചെലവ് എന്നിവ നടത്തിയിട്ടുണ്ട്. പദ്ധതിക്ക് ഇതുവരെ 21 കോടി രൂപ ചെലവ് വന്നു. ആകെ 1.18 ലക്ഷം കോടി രൂപ ചെലവാകും.
വിശദാംശങ്ങൾ തയ്യാറായിവരുന്നു’. ഇതെല്ലാം മറച്ചുവച്ചാണ് സിൽവർ ലൈനിനെതിരെ യുഡിഎഫും ബിജെപിയും രാഷ്ട്രീയവിരോധം നിറഞ്ഞ നുണപ്രചാരണം അഴിച്ചുവിടുന്നത്.