തിരുവനന്തപുരം
പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതിന്റെ ഇച്ഛാഭംഗം കൊണ്ടോ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കണമെന്ന ഇച്ഛകൊണ്ടോ ആയിരിക്കാം രമേശ് ചെന്നിത്തല തനിക്കെതിരെ പരാതിയുമായി രംഗത്തിറങ്ങിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. പൊതുപ്രവർത്തനത്തിന്റെ സുദീർഘ പാരമ്പര്യമുള്ളവർ വിവാദങ്ങളുണ്ടാക്കാനും അതിന് പിന്നാലെ പോകാനുമല്ല ശ്രമിക്കേണ്ടത്. കാര്യങ്ങൾ ശരിയായി പഠിക്കാതെയും ഗ്രഹിക്കാതെയും വിവാദങ്ങൾ സൃഷ്ടിക്കാൻ പൊതുപ്രവർത്തകർ ഇറങ്ങരുതെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ സർവകലാശാല വിസി നിയമനം സംബന്ധിച്ച ലോകായുക്തയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അനാവശ്യ വിവാദങ്ങളല്ല സൃഷ്ടിപരമായ സഹകരണമാണ് നാടിന്റെ പുരോഗതിക്ക് ആവശ്യം. രണ്ട് മാസമായി പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ പരമ്പരയാണ് ഉയർത്തിയത്. എല്ലാം വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞു. കാളപെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതിയാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും കൈക്കൊണ്ടത്. കാര്യങ്ങൾ അവധാനതയോടെ കാണാൻ പ്രതിപക്ഷവും മാധ്യമങ്ങളും തയ്യാറാകണം.
ഉന്നതവിദ്യാഭ്യാസമേഖലയിലെ വിവിധ പദ്ധതികളുടെ വിശദീകരണങ്ങളുമായി എത്രയോ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. എന്നാൽ, അവയൊന്നും വാർത്തയിൽ നിറഞ്ഞില്ല. അന്ന് തമസ്കരിച്ച ദൃശ്യങ്ങളെല്ലാം പിന്നീട് വിവാദങ്ങളുണ്ടായപ്പോൾ പുറത്തുവന്നു. മാധ്യമങ്ങളുടെ തമസ്കരണവും വക്രീകരണവുമാണ് ഇത് തെളിയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തന്റെ കുടുംബവീട്ടിലേക്കുൾപ്പെടെ പ്രകടനം നടത്തി. വ്യക്തിപരമായി അധിക്ഷേപിച്ചു. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ഒരു അപഭ്രംശവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
അഴിമതി ഇല്ലെന്ന് കണ്ടെത്തിയതിൽ തെറ്റില്ല: വി ഡി സതീശൻ
കണ്ണൂർ വിസി നിയമനത്തിൽ അഴിമതി ഇല്ല എന്ന് ലോകായുക്ത കണ്ടെത്തിയതിൽ വിരോധമില്ലെന്നും മന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയതിനോടാണ് വിയോജിപ്പെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ.വിധിക്കെതിരെ രമേശ് ചെന്നിത്തല അപ്പീൽ നൽകണം എന്നാണ് അഭിപ്രായമെന്നും -വി ഡി സതീശൻ വാർത്താലേഖകരോട് പറഞ്ഞു.