നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അങ്ങനെ ഒടുവിൽ ആ പ്രഖ്യാപനവും വന്നു… നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി. രോഗലക്ഷണം ഉള്ളവർക്ക് മാത്രമേ സമ്പർക്ക വിലക്കുള്ളൂ. എട്ടാം ദിവസം ആർ.ടി.പി.സി.ആറും വേണ്ട. നല്ലത്, വൈകിയാണെങ്കിലും വിവേകം ഉണ്ടായാൽ അത് അംഗീകരിക്കണമല്ലോ- എന്നാണ് സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള കോവിഡ് പ്രോട്ടോകോൾ കണ്ടെത്തിയ വിദഗ്ധ സമിതിയുടെ വൈദഗ്ധ്യത്തെ ആരും കണ്ടില്ലെന്നു നടിക്കരുത്. ഇത്രയേറെ വൈദഗ്ധ്യം കാട്ടിയിട്ടും കോവിഡ് കൂടിയത് അന്തർദേശീയ പ്രതിഭാസത്തിന്റെ ഭാഗമാണെന്നതാണ് സൈബർ ബുദ്ധിജീവികളുടെ കണ്ടെത്തൽ. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം എന്നുള്ളത് കൊണ്ട് പാർട്ടി സമ്മേളന വേദിയിലൊന്നും കൊറോണ വൈറസിന് കടക്കാനേ കഴിഞ്ഞില്ല. വിദേശ രാജ്യങ്ങളിൽ അത്ര ആസൂത്രമില്ല അതുകൊണ്ടാണ് പ്രവാസികളെ പിടിച്ചു നിർത്തി പരിശോധിച്ചത്- എന്നും സതീശൻ പരിഹസിക്കുന്നു.
എന്തായാലും പുതിയ തീരുമാനത്തിന് കാരണഭൂത ൻ ആരായാലും കുഴപ്പമില്ല. അഭിവാദ്യങ്ങൾ.. പാവപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുമല്ലോ-എന്നാണ് സതീശൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വി.ഡി. സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അങ്ങനെ ഒടുവിൽ ആ പ്രഖ്യാപനവും വന്നു…
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി. രോഗലക്ഷണം ഉള്ളവർക്ക് മാത്രമേ സമ്പർക്ക വിലക്കുള്ളൂ. എട്ടാം ദിവസം ആർ.ടി.പി.സി.ആറും വേണ്ട. നല്ലത്, വൈകിയാണെങ്കിലും വിവേകം ഉണ്ടായാൽ അത് അംഗീകരിക്കണമല്ലോ.
പാവം പ്രവാസികൾ….
എത്ര നാളായി അവർ കരഞ്ഞ് പറയുന്നു. എന്നിട്ടും സർക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ആർക്ക് സമയം?
പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള കോവിഡ് പ്രോട്ടോകോൾ കണ്ടെത്തിയ വിദഗ്ധ സമിതിയുടെ വൈദഗ്ധ്യത്തെ ആരും കണ്ടില്ലെന്നു നടിക്കരുത്. ഇത്രയേറെ വൈദഗ്ധ്യം കാട്ടിയിട്ടും കോവിഡ് കൂടിയത് അന്തർദേശീയ പ്രതിഭാസത്തിന്റെ ഭാഗമാണെന്നതാണ് സൈബർ ബുദ്ധിജീവികളുടെ കണ്ടെത്തൽ. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം എന്നുള്ളത് കൊണ്ട് പാർട്ടി സമ്മേളന വേദിയിലൊന്നും കൊറോണ വൈറസിന് കടക്കാനേ കഴിഞ്ഞില്ല. വിദേശ രാജ്യങ്ങളിൽ അത്ര ആസൂത്രമില്ല അതുകൊണ്ടാണ് പ്രവാസികളെ പിടിച്ചു നിർത്തി പരിശോധിച്ചത്.
എന്നാലിപ്പോൾ വിദേശത്ത് നിന്നും എത്തുന്നവർക്കുള്ള ക്വാറന്റൈൻ വേണ്ടെന്നു തീരുമാനിച്ചതിനും ചിലർക്ക് റോളുണ്ടെന്നാണ് കേൾക്കുന്നത്. വിദേശ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചെത്തുന്നത് കൊണ്ട് ക്വാറന്റെൻ ഒഴിവാക്കി എന്ന് പറയുന്നവരുണ്ട്. ഈ സംശയം നേരിട്ട് ചോദിച്ച മാധ്യമ പ്രവർത്തകരോട് രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ആരോഗ്യ മന്ത്രിയുടെ തിരക്ക് നാം മനസിലാക്കണമല്ലോ. അതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ വേണ്ട. ചോദിച്ചാലും ഉത്തരമുണ്ടാകില്ല.
എന്തായാലും പുതിയ തീരുമാനത്തിന് കാരണഭൂത ൻ ആരായാലും കുഴപ്പമില്ല. അഭിവാദ്യങ്ങൾ..
പാവപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുമല്ലോ …
content highlights:vd satheesan on governments decision on expats quarantine