തിരുവനന്തപുരം: എം. ശിവശങ്കർ ഐ.എ.എസിനെതിരേ അതിരൂക്ഷ വിമർശനവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ട്. മൂന്ന് വർഷമായി ശിവശങ്കർ ജീവിതത്തിന്റെ ഭാഗമാണെന്നും അനൗദ്യോഗിക കാര്യങ്ങൾ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളൂയെന്നും സ്വപ്ന സുരേഷ് വിവിധ മാധ്യമങ്ങൾക്ക്നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശിവശങ്കർ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വപ്നയുടെ തുറന്നുപറച്ചിൽ.
താൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങൾ വെളിയിൽവരുമെന്നും അവർ പറഞ്ഞു. ഐടി വകുപ്പിൽ സ്വപ്നക്ക് ജോലി വാങ്ങി നൽകിയത് താനല്ലെന്ന പുസ്തകത്തിലെ പരാമർശവും അവർ തള്ളി. ഒരു ഫോൺവിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നു. തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആൾക്ക് എങ്ങനെയാണ് നിയമനത്തേക്കുറിച്ച് അറിയില്ലെന്ന് പറയാൻ സാധിക്കുന്നതെന്നും ചോദിച്ചു.
ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഐ ഫോണുകൾ യൂണിടാക് സ്പോൺസർ ചെയ്തായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നൽകാൻ പറഞ്ഞതായിരുന്നു. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്നം ഉണ്ടായപ്പോൾ വിട്ടിൽ വന്നപ്പോൽ ഫോൺ കോടുത്തു. ജന്മദിനത്തിൽ ഫോൺ മാത്രമല്ല ഒരുപാട് സാധങ്ങൾ കൊടുത്തിട്ടുണ്ട്.
ശിവശങ്കർ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോൾ എനിക്കറിയില്ല. ശിവശങ്കർ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ജന്മദിനത്തിലും പാർട്ടികൾ നടത്തിയിട്ടുണ്ട്, സമ്മാനങ്ങൾ നൽകാറുണ്ട്. ഒരു ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഒരാൾ കൊടുക്കാൻ പറഞ്ഞത്, എന്റെ കൈയിൽ വെച്ച് കൈമാറി. അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴാണ് കൊടുത്തത്.
മൂന്ന് വർഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിർത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കർ പറയുന്നത് കേട്ട് ജീവിച്ചത്. തന്നെ ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു. അതിൽ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
Content highlights:Swapna suresh against M Sivasankar