റാന്നി:ബ്ലാക്കിയുടെ കുട്ടിക്കളി കണ്ടാണ് അവൻ കുസൃതികാട്ടാൻ കൂടെക്കൂടിയത്. കളിച്ചുമറിയുന്നതിനിടയിൽ പക്ഷേ കളികാര്യമായി. ബ്ലാക്കിയുടെ തുടലിൽ അവൻ കുടുങ്ങി. കൂടെ കളിച്ച ആ നായയും ഏറെ വേദന സഹിച്ചു. ഡോക്ടറും മൃഗസ്നേഹികളും എത്തിയതിനാൽ അവന് ജീവൻ തിരികെകിട്ടി. വിടപറഞ്ഞ ബ്ലാക്കിയെ എല്ലാവരും ചേർന്ന് കണ്ണീരോടെ യാത്രയാക്കി.ആ സംഭവം ഇങ്ങനെ:
വെച്ചൂച്ചിറ ചാത്തൻതറ പതിനഞ്ചിൽ പള്ളിപ്പടിയിൽ പുത്തേട്ട് അഹല്യയുടെ വളർത്തുനായയാണ് ബ്ലാക്കി. വീട്ടിൽ എപ്പോഴും തുടലിൽ പൂട്ടിയിട്ടു വളർത്തുന്ന പട്ടിക്കുട്ടി. അഹല്യ വ്യാഴാഴ്ച രാവിലെ കാണുന്ന കാഴ്ച പുറത്ത് തിണ്ണയിൽ പൂട്ടിയിരുന്ന ബ്ലാക്കിയുടെ തുടലിൽ കുരുങ്ങി മറ്റൊരു നായ. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവൻ. കഴുത്തിലെ ബെൽറ്റുള്ളതിനാൽ ഏതോ വീട്ടിൽ വളർത്തുന്നതാണെന്ന് ഉറപ്പിച്ചു. തമ്മിൽ കളിച്ച് കുരുങ്ങിപ്പോയതാണ്. കുരുക്കഴിക്കാൻ ശ്രമിച്ചപ്പോൾ അവൻ കുരച്ച് ഭീഷണിപ്പെടുത്തി.
ബ്ലാക്കിയെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിൽ തുടൽ കുറ്റിയോടെ അഴിച്ചുവിട്ടു. രക്ഷപ്പെടാനുള്ള ശ്രമവുമായി പുറത്തുനിന്നെത്തിയവൻ അവളെയും വലിച്ചുകൊണ്ടോടി. തുടലും മുറുകി നിലത്തൂടെ വലിക്കപ്പെട്ട ബ്ലാക്കി അവശയായിക്കൊണ്ടിരുന്നു.
100 മീറ്ററോളം അകലെ താമസിക്കുന്ന പഴയമ്പാട്ട് കെ.ടി.ചന്ദ്രൻ ഇരു നായ്ക്കളുടെയും ദയനീയഅവസ്ഥകണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചു. ചന്ദ്രന്റെ ഇടതുകൈയിൽ കടിയേറ്റു. എരുമേലി ഗവ.ആശുപത്രിയിൽ എത്തി ചന്ദ്രൻ കുത്തിവെയ്പെടുത്തു.
പട്ടികളോട് ക്രൂരത എന്ന നിലയിൽ നായ്ക്കളുടെ തുടലിൽ കുരുങ്ങിയ ചിത്രം സഹിതം നാടാകെ വാർത്ത പരന്നു. സമീപവാസികളിൽ പലരും അറിഞ്ഞില്ലെങ്കിലും മറ്റു നാടുകളിലൊക്കെ ഇത് നവമാധ്യമങ്ങളിൽ വലിയ ചർച്ചയുമായി. വെച്ചൂച്ചിറ പോലീസും തിരുവല്ലയിലെ മൃഗസ്നേഹികളുടെ സംഘടനാ പ്രവർത്തകരുമൊക്കെ എത്തി. വിവരമറിയിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ വെറ്ററിനറി ഡോക്ടർ എസ്. റോഷനും സ്ഥലത്തുവന്നു. ഇഷ്ടഭക്ഷണം നൽകി അവനെ ഇണക്കി. ഈ സമയം വായ മൂടിക്കെട്ടിയശേഷം അരയിൽ മുറുകി കിടന്ന തുടൽ അഴിച്ചുനീക്കി രക്ഷപ്പെടുത്തി. ഇതിനുമുന്നേതന്നെ ബ്ലാക്കി ചത്തുപോയിരുന്നു. ഒന്നിനെ എങ്കിലും രക്ഷിക്കാനായ സന്തോഷത്തിലായിരുന്നു സ്ഥലത്ത് ഒത്തുചേർന്നവർ. സ്നേഹിച്ചു വളർത്തിയ ബ്ലാക്കി നഷ്ടമായതിന്റെ വേദനയിലാണ് അഹല്യയും കുടുംബവും. കാര്യം കൃത്യമായി മനസ്സിലാക്കിയതിനാൽ കേസെടുത്തിടുത്തില്ലെന്ന് പോലീസ് പറഞ്ഞു.