വടക്കേക്കര> ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാല്യങ്കര കോയിക്കൽ സജീവനാണ് (57) മരിച്ചത്. വ്യാഴം രാവിലെ ഏഴോടെ വീടിനുസമീപത്തുള്ള മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിയനിലയിൽ കണ്ടത്.മത്സ്യത്തൊഴിലാളിയായ സജീവൻ കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു. നാല് സെന്റ് ഭൂമിയും വീടും ഒരു ചിട്ടിക്കമ്പനിയിൽ പണയംവച്ചിരുന്നു. അവിടെനിന്ന് ആധാരം എടുത്ത് മറ്റൊരു ബാങ്കിൽ കൂടുതൽ തുകയ്ക്ക് പണയം വയ്ക്കുമ്പോൾ കൊടുക്കാമെന്ന ധാരണയിൽ പലരുടെയും കയ്യിൽനിന്ന് കടംവാങ്ങി. ആധാരവുമായി ബാങ്കിലെത്തിയപ്പോൾ നിലമാണെന്നറിഞ്ഞു.
ഇതുപ്രകാരം ഭൂമി തരംമാറ്റാൻ പലതവണ വില്ലേജ്, താലൂക്ക്, ഫോർട്ട് കൊച്ചി ആർഡി ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടാവാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു.
എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: നിഥിൻദേവ്, അഷിതാദേവി. മരുമക്കൾ: വർഷ, രാഹുൽ.