കാഞ്ഞിരപ്പള്ളി: ഒന്നരവർഷമായി കൂടെയുള്ള കുഞ്ഞുകുട്ടനെ കാണാനില്ല, കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5000 രൂപ പരിതോഷികം. എറണാകുളം സ്വദേശിനി ഡെയ്സി ജോസഫിന്റെതാണ് ഈ വാഗ്ദാനം. ഒരാഴ്ച മുൻപാണ് കുഞ്ഞുകുട്ടൻ എന്ന് വിളിക്കുന്ന ഡെയ്സിയുടെ വളർത്ത് പൂച്ചയെ കാണാതാകുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടുകിട്ടാതായതോടെ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ ഒട്ടിച്ച് പൂച്ചയെ കാത്തിരിക്കുകയാണ് ഇവർ.
എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കൽ ഡെയ്സി കാഞ്ഞിരപ്പള്ളി സുഖോദയ ആയുർവേദ ആശുപത്രിയിൽ കഴിഞ്ഞ 25-നാണ് ചികിത്സയ്ക്കായി എത്തിയത്. തന്റെ സന്തതസഹചാരിയായ പൂച്ചയെയും ഒപ്പം കൂട്ടിയിരുന്നു. ഫ്ളാറ്റിൽ ഒപ്പം കഴിഞ്ഞിരുന്ന പൂച്ച ആദ്യമായിട്ടാണ് പുറത്തേക്കും ആളുകൾക്കിടയിലേക്കും ഇറങ്ങുന്നത്. ആദ്യദിനം ഒപ്പം പുറത്തുകൂടി നടക്കാൻ പൂച്ചയും ഒപ്പമുണ്ടായിരുന്നു. 26-ന് രാത്രിയോടെയാണ് കാണാതാകുന്നത്. സമീപത്തെ വീടുകളിലും പ്രദേശവാസികളോടും എല്ലാം അന്വേഷിച്ചു. തുടർന്നാണ് കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ ഒട്ടിച്ചത്.
പോസ്റ്റർകണ്ട് സാദൃശ്യംതോന്നിയ പൂച്ചയെ നാട്ടുകാർ കൊണ്ടുവന്നെങ്കിലും കുഞ്ഞുകുട്ടനല്ലെന്ന് ഡെയ്സി സ്ഥരീകരിച്ചു. ഗോൾഡൻ വെള്ള നിറത്തിലുള്ള വരയുള്ളതാണ് പൂച്ച. ഓറഞ്ച് ക്യാറ്റ് എന്നറിയപ്പെടുന്ന റെഡ്റ്റാബി ഇനത്തിൽപ്പെട്ടതാണ്. ഒന്നരവർഷം മുൻപ് സഹോദരിയാണ് പൂച്ചയെ ഡെയ്സിക്ക് സമ്മാനിക്കുന്നത്. ഡെയ്സിയുടെ പൂച്ചയോടുള്ള സ്നേഹം മനസ്സിലാക്കി പ്രദേശവാസികളും പൂച്ചയ്ക്കായുള്ള തിരച്ചിലിലാണ്.