മഹാത്മഗാന്ധിയുടെ 74ാം ചരമവാർഷികത്തിന്റെ ഭാഗമായി ജനുവരി 30ന് വൈകീട്ട് നടക്കാവ് ജങ്ഷനിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയത്. ഗോഡ്‌സെയെ ആരാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് എം.എസ് ശ്രീഹരി സമയം മലയാളം പ്ലസിനോട് പറഞ്ഞു. ”ഹിന്ദു മഹാസഭ പോലുള്ള സംഘടനകൾ ഗോഡ്‌സെയെ ആദരിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സാധാരണക്കാരെന്ന നിലയിൽ ഞങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയില്ല. അതിനാലാണ് ഗോഡ്‌സെയുടെ തനിസ്വരൂപവും സ്വഭാവവും വിശദീകരിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.”
ജനുവരി 31ന് രാവിലെ തന്റെ സഹോദരിയെ ജോലി സ്ഥലത്ത് കൊണ്ടു ചെന്നാക്കി വരുമ്പോഴാണ് സാന്ദ്രക്ക് നേരെ ആക്രമണം നടന്നതെന്ന് ശ്രീഹരി പറയുന്നു.” സഹോദരിയെ ജോലി സ്ഥലത്താക്കി തിരിച്ചുവരുമ്പോഴാണ് ചാവടിമുക്ക് പ്രദേശത്ത് വെച്ച് ആറോളം പേർ ബൈക്കിൽ എത്തി സാന്ദ്രയെ തടഞ്ഞത്. ബൈക്ക് മുന്നിൽ കൊണ്ട് വന്നു നിർത്തിയ അക്രമി സംഘം ശ്രീഹരി എവിടെയാണ് എന്നാണ് ചോദിച്ചത്. ആദ്യം എന്റെ കൂട്ടുകാരാവും എന്ന് അവൾ കരുതി. തെറിവിളി കേട്ടപ്പോഴാണ് വന്നവർ ശത്രുക്കളാണെന്ന് സാന്ദ്രക്ക് മനസിലായത്.”– ശ്രീഹരി പറയുന്നു.
” ആ …..നെ വെച്ചേക്കത്തില്ല, നിന്നെയും വെച്ചേക്കത്തില്ല, അവനെയും കൊല്ലും നിന്നെയും കൊല്ലും. ഗോഡ്‌സെയെ തൂക്കിലേറ്റിയ പോലെ നിന്നെയും അവനെയും തൂക്കിലേറ്റും. തുടർന്ന് വണ്ടി എടുത്ത് പോവാൻ ശ്രമിച്ചപ്പോൾ അവർ താക്കോൽ തിരിച്ചു. കൈയ്യിൽ പിടിച്ചു തിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നീ ഇപ്പോൾ ഡി.വൈ.എഫ്.ഐക്കാരനെ അല്ലേ വിവാഹം കഴിച്ചിരിക്കുന്നത്. നിനക്ക് ആർ.എസ്.എസുകാരനിൽ കുട്ടിയുണ്ടാവുന്നത് കാണണോ എന്നും അവർ ആക്രോശിച്ചു.”– ഭീഷണിയെ കുറിച്ച് ശ്രീഹരി വിശദീകരിച്ചു.
വീട്ടിലെത്തിയ ഉടൻ സാന്ദ്രയും അമ്മയും തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അവിടെയുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് ശ്രീഹരി പറയുന്നു. പിന്നീട് എസ്.ഐയെ കണ്ടാണ് പരാതി നൽകിയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പരാതിയിൽ നിയമപരമായ നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.
ജനുവരി രണ്ടിന് രാവിലെ 11 മണിക്ക് സ്റ്റേഷനിൽ എത്താനാണ് പിന്നീട് പൊലീസ് സാന്ദ്രക്ക് നിർദേശം നൽകിയത്. ആരോപണ വിധേയരായ വ്യക്തികൾ അവിടെയുണ്ടാവുമെന്നും സംസാരിക്കാമെന്നുമാണ് എസ്.ഐ പറഞ്ഞത്. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാൽ സാന്ദ്രക്ക് സ്റ്റേഷനിൽ പോവാൻ കഴിയില്ലെന്ന് അറിയിച്ചു. വിഷയത്തിൽ സി.പി.ഐ.എം ഏരിയാ സെക്രട്ടറി രവീന്ദ്രനാഥ് ഇടപെട്ടതിനെ തുടർന്നാണ് രണ്ടു പൊലീസുകാരെ മൊഴിയെടുക്കാൻ പൊലീസ് വീട്ടിലേക്ക് അയച്ചത്.
പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ ഉള്ളടക്കം
”പ്രതികൾക്ക് ആവലാതിക്കാരി 30-01-2022ൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതിലുള്ള വിരോധം നിമിത്തം സ്‌കൂട്ടർ ഓടിച്ചുവന്ന ആലവാതിക്കാരിയെ 31-01-2022ൽ രാവിലെ 9.30മണിക്ക് തെക്കുംഭാഗം വില്ലേജിൽ വടക്കുംഭാഗം മുറിയിൽ ദളവാപുരം പടപ്പനാൽ റോഡിൽ ചാവടിമുക്കിൽ വെച്ച് ആവലാതിക്കാരി യാത്ര ചെയ്തുവന്ന സ്‌കൂട്ടർ, പ്രതികൾ യാത്ര ചെയ്തുവന്ന സ്‌കൂട്ടർ കുറുകെ കൊണ്ടുനിർത്തി തടഞ്ഞ് ആവലാതിക്കാരുടെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തും ആവലാതിക്കാരിയേയും ഭർത്താവിനെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും ആവലാതിക്കാരിയുടെ കൈയ്യിൽ പിടിച്ചു തിരിച്ചും പ്രതികൾ കൃത്യത്തിന് പരസ്പരം ഉൽസാഹികളും സഹായികളുമായി പ്രവർത്തിച്ചു എന്നുള്ളത്.” കണ്ണൻ എന്നയാളും മറ്റു അഞ്ചു പേരുമാണ് ഈ കേസിലെ പ്രതികൾ. എസ്.ഐ. എം. സുജാതൻ പിള്ളയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341ാം വകുപ്പ് (അന്യായമായി തടസപ്പെടുത്തൽ), 506ാം വകുപ്പ് (കുറ്റകരമായ ഭയപ്പെടുത്തൽ), 294ബി(അശ്ലീലമായ പ്രവൃത്തികളും പാട്ടുകളും), 509ാം വകുപ്പ് (സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള വാക്കുകളോ ആംഗ്യങ്ങളോ പ്രവൃത്തിയോ ചെയ്യൽ), സംഘം ചേർന്ന് കുറ്റം ചെയ്യൽ എന്നീ വകുപ്പുകളാണ് പൊലീസ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന കൈയ്യേറ്റം, ബലപ്രയോഗം എന്നിവ വരുന്ന 354ാം വകുപ്പ് കേസിൽ ഉൾപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്.
ഹിന്ദു മഹാസഭാ നേതാവായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെയാണ് 1948 ജനുവരി 30ന് ഗാന്ധിയെ വെടിവെച്ചു കൊന്നത്. ഒരു വർഷം നീണ്ട വിചാരണയിൽ 1949 നവംബർ എട്ടിന് വിചാരണക്കോടതി ഗോഡ്‌സെക്ക് വധശിക്ഷ വിധിച്ചു. തുടർന്ന് അമ്പാല സെൻട്രൽ ജയിലിൽ വെച്ച് നവംബർ 15ന് തൂക്കിലേറ്റി. 1932ൽ ആർ.എസ്.എസിൽ ചേർന്ന ഗോഡ്‌സെ ഹിന്ദുമഹാസഭയിലും അംഗമായിരുന്നു. പിന്നീട് 1946ൽ ആർ.എസ്.എസ് ഒഴിവാക്കി ഹിന്ദുമഹാസഭയിൽ കേന്ദ്രീകരിച്ചുവെന്നാണ് പറയപ്പെടുന്നത്. ഗോഡ്‌സെ ആർ.എസ്.എസ് വിട്ടുവെന്ന് പറയപ്പെടുന്ന കാലത്തിന് ശേഷവും ആർ.എസ്.എസ് അംഗമായിരുന്നുവെന്നാണ് ‘ദ കാരവൻ’ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്.
ഹിന്ദു മഹാസഭയിൽ ചേർന്നെങ്കിലും താൻ ആർ.എസ്.എസിൽ സജീവമായിരുന്നുവെന്നാണ് ഗാന്ധിയെ കൊന്നതിന് ശേഷം ഗോഡ്‌സെ നൽകിയ മൊഴി പറയുന്നത്. ഗാന്ധിയുടെ കൊലക്ക് ശേഷം കേന്ദ്രസർക്കാർ ആർ.എസ്.എസിനെ താൽക്കാലികമായ നിരോധിച്ചു. ഗോഡ്‌സെയുമായി യാതൊരുവിധ ബന്ധമില്ലെന്നാണ് ആർ.എസ്.എസ് പറയുന്നത്. പക്ഷെ, കൊലയുടെ സമയത്തും നാഥുറാം ആർ.എസ്.എസ് അംഗമായിരുന്നുവെന്നും ആർ.എസ്.എസ് കൈയ്യൊഴിഞ്ഞുവെന്നുമാണ് സഹോദരൻ ഗോപാൽ ഗോഡ്‌സെ ആരോപിച്ചിരുന്നത്.
****