മനാമ> അബുദാബി തീരത്ത് നിന്ന് അകലെ വന് പ്രകൃതി വാതക വാതക ശേഖരം കണ്ടെത്തിയതായി ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല് ഓയില് കമ്പനി (അഡ്നോക്) വ്യാഴാഴ്ച അറിയിച്ചു. 42.5 ബില്യണ് മുതല് 56.5 ബില്യണ് ക്യുബിക് മീറ്റര് വരെ അസംസ്കൃത വാതകം കണ്ടെത്തി.
ഇറ്റലിയിലെ ഇഎന്ഐ, തായ്ലന്ഡിലെ പിടിടി എന്നിവയുടെ നേതൃത്വത്തിലുള്ള കണ്സോര്ഷ്യം 2019ല് ഓഫ്ഷോര് ബ്ലോക്കിന്റെ പര്യവേക്ഷണാവകാശം നേടിയശേഷമുള്ള ആദ്യ കണ്ടെത്തലാണിത്.
ഏകദേശം 273 ട്രില്യണ് ക്യുബിക് അടി പരമ്പരാഗത വാതകവും 160 ട്രില്യണ് ക്യുബിക് അടി പാരമ്പര്യേതര വാതകവും ഉള്ള ലോകത്തിലെ ഏറ്റവും വലിയ വാതക ശേഖരം യുഎഇയിലുണ്ട്. എന്നാല്, നിലവില് ആഭ്യന്തര ആവശ്യത്തിന്റെ ഭൂരിഭാഗവും അയല്രാജ്യമായ ഖത്തറില് നിന്നും ഇറക്കുമതി ചെയ്യുകയാണ്. പുതിയ കണ്ടെത്തില് യുഎഇക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.