ന്യൂഡൽഹി
തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയെ പരാജയപ്പെടുത്താന്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്കെഎം). കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകൾ പാലിച്ചില്ല. കേന്ദ്രബജറ്റിൽ കാർഷികമേഖലയെ ക്രൂരമായി അവഗണിച്ചു. കേന്ദ്രസർക്കാരിന്റെ ഈ നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ വോട്ടർമാർക്ക് നിവേദനം നൽകും–- നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കർഷകർ ആർക്ക് വേണ്ടിയും പ്രചാരണം നടത്തില്ല. എന്നാൽ, ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കർഷകവിരുദ്ധ നിലപാടുകൾ ജനങ്ങളെ ബോധ്യപ്പെടുത്തും. കർഷകപ്രക്ഷോഭം വിജയിച്ചതിൽ കേന്ദ്രസർക്കാരിന് കർഷകരോട് വലിയ പകയുണ്ട്. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാത്ത ബജറ്റിലൂടെ സർക്കാർ കർഷകരോട് പ്രതികാരം ചെയ്തു. വോട്ടർമാരുടെ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യും–- എസ്കെഎം നേതാക്കൾ പറഞ്ഞു. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരായ ലഘുലേഖയും വോട്ടർമാർക്കുള്ള നിവേദനവും പ്രകാശിപ്പിച്ചു.
വാർത്താസമ്മേളനത്തിൽ എസ്കെഎം നേതാക്കളായ ഹന്നൻമൊള്ള, രാകേഷ് ടിക്കായത്ത്, ഡോ. ദർശൻപാൽ, ജഗജിത്സിങ് ദല്ലേവാൾ, ജോഗീന്ദർസിങ് ഉഗ്രാഹൻ, ശിവകുമാർശർമ, യുദ്ധ്വീർസിങ്, യോഗേന്ദ്രയാദവ് തുടങ്ങിയവർ പങ്കെടുത്തു.