ന്യൂഡൽഹി
ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ സൈബർ ആയുധമായ പെഗാസസ് വാങ്ങിയത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സിയെന്ന് ന്യൂയോർക്ക് ടൈംസ് ലേഖകനായ റോണൻ ബെർഗ്മാന്റെ വെളിപ്പെടുത്തൽ. 2017ൽ മോദി സർക്കാർ പെഗാസസ് വാങ്ങിയെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ ലേഖകരിലൊരാളാണ് ടെൽഅവീവ് സ്വദേശിയായ റോണൻ. ഓൺലൈൻ പോർട്ടലായ ‘ദ വയർ’ന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയാണ് പെഗാസസ് വാങ്ങിയതെന്ന് റോണൺ വ്യക്തമാക്കിയത്. എന്നാൽ, ഇന്റലിജൻസ് ബ്യൂറോ (ഐബി) ആണോ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) ആണോ സോഫ്റ്റ്വെയർ സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയില്ല. ഒരേസമയം പത്ത് മുതൽ അമ്പത് ഫോൺവരെ നിരീക്ഷിക്കാവുന്ന സോഫ്റ്റ്വെയർ സംവിധാനമാണ് ഇന്ത്യക്ക് കൈമാറിയത്–-റോണൻ പറഞ്ഞു.
ബജറ്റ് വിഹിതം കൂട്ടിയത് എന്തിന്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലിന് കീഴിലുള്ള നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയറ്റിന് (എൻഎസ്സിഎസ്) റിപ്പോർട്ടുചെയ്യുന്ന ഏജൻസികളാണ് ഐബിയും റോയും. മാത്രമല്ല, ഈ രണ്ട് ഏജൻസിയും വിവരാവകാശ നിയമത്തിനും പാർലമെന്ററി പരിശോധനയ്ക്കും പുറത്താണ്. സിഎജി ഓഡിറ്റുമില്ല. മോദി സർക്കാർ പെഗാസസ് വാങ്ങിയതായി ആരോപിക്കപ്പെടുന്ന 2017–-18ൽ ഐബിയും റോയും ഉൾപ്പെടുന്ന എൻഎസ്സിഎസിന്റെ ബജറ്റ് വിഹിതം പത്തിരട്ടി വർധിച്ച് 333 കോടിയിൽ എത്തി.
2018–-19ൽ എൻഎസ്സിഎസിന്റെ ബജറ്റ് വിഹിതം 841.73 കോടി രൂപയായി. 2019–-20ൽ ബജറ്റ് വിഹിതം 140.92 കോടിയായി ചുരുങ്ങി. തുടർച്ചയായ രണ്ട് വർഷം ബജറ്റ് വിഹിതത്തിലുണ്ടായ അസ്വഭാവികമായ വർധന പെഗാസസ് വാങ്ങലിനെ തുടർന്നാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മൗനത്തിലാണ്.
പെഗാസസ് ഇടപാടിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദും സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് റോണൻ വെളിപ്പെടുത്തി. ഇരുരാജ്യത്തെയും ഇന്റലിജൻസ് ഉന്നതർ ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് വിൽപ്പന. സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതിനായി എൻഎസ്ഒ വിദഗ്ധർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടാകാമെന്നും റോണൻ പറഞ്ഞു.