ബീജിങ്
ശീതകാല ഒളിമ്പിക്സിനായി ബീജിങ്ങിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. പ്രധാനപ്പെട്ട സമകാലിക അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പുടിൻ ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അഭിപ്രായപ്പെട്ടു. ഉക്രയ്നെ മുൻനിർത്തി അമേരിക്ക യുദ്ധഭീതി പരത്തുന്ന സാഹചര്യത്തിൽ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിൽ പുടിൻ ഉൾപ്പെടെ 30 ലോകനേതാക്കള്‍ പങ്കെടുക്കും. 17 ദിവസം നീളുന്ന ഒളിമ്പിക്സിൽ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.