കീവ്
ഉക്രയ്ന്റെ മറവിൽ യൂറോപ്പിനെയാകെ യുദ്ധഭീതിയിലാക്കി അമേരിക്കൻ സൈനിക വിന്യാസം. നോർത്ത് കരോളിനയിൽനിന്ന് പോളണ്ടിലേക്കും ജർമനിയിലേക്കും രണ്ടായിരം സൈനികരെ കൂടി ഇറക്കും. ജർമനിയിൽ നിലയുറപ്പിച്ച 1000 സൈനികരെ ഉക്രയ്ന്റെ അയൽരാജ്യമായ റൊമാനിയയിലേക്ക് മാറ്റും. യൂറോപ്പിൽ നാറ്റോ സൈന്യത്തിനൊപ്പം അമേരിക്ക നിലവില്‍ 8500 സൈനികരെ വിന്യസിച്ചിട്ടുണ്ട്. അമേരിക്കൻ നീക്കം വിനാശകരമെന്ന് റഷ്യ പ്രതികരിച്ചു. രാഷ്ട്രീയ പരിഹാരം കാണുന്നതിനു പകരം പ്രശ്നം വഷളാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും റഷ്യൻ വിദേശ സഹമന്ത്രി അലക്സാണ്ടർ ഗ്രഷ്കോ കുറ്റപ്പെടുത്തി.സുരക്ഷാ ഉറപ്പ് ആവശ്യപ്പെട്ട് അംഗരാജ്യങ്ങൾക്ക് റഷ്യ അയച്ച കത്തിന് സംയുക്ത മറുപടി തയ്യാറാക്കാൻ ശ്രമം നടക്കുകയാണെന്ന് യൂറോപ്യൻ കമിഷൻ പ്രസിഡന്റ് ഊർസുല വോൺ ദെർ ലെയെൻ വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ അനുരഞ്ജന ശ്രമവുമായി തുർക്കി പ്രസിഡന്റ് റസീപ് തയ്യിപ് എർദോഗൻ ഉക്രെയ്നിലെത്തി പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.