കൊച്ചി
ആഴക്കടലിലെ അറിവുകൾ തേടിയുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) യാത്രയ്ക്ക് 75 വയസ്സ്. സമുദ്ര മത്സ്യസമ്പത്തിന്റെ മൂല്യനിർണയംമുതൽ കടലിൽനിന്നുള്ള ഔഷധനിർമാണംവരെയുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന സിഎംഎഫ്ആർഐയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീളുന്ന ആഘോഷപരിപാടിക്ക് തുടക്കമായി.
സ്ഥാപിത ദിനാഘോഷച്ചടങ്ങിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ കെ ജെന മുഖ്യാതിഥിയായി. നാടിന്റെ ആവശ്യകതയ്ക്കനുസരിച്ച് ഗവേഷണത്തിന്റെ മുൻഗണനകളിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. അത് തീരദേശമേഖലയുടെ വരുമാനവർധനയ്ക്കും രാജ്യത്തിന്റെ സാമ്പത്തികരംഗത്തിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രമേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി കാലാവസ്ഥാവ്യതിയാന പഠനംപോലുള്ളവയ്ക്ക് സിഎംഎഫ്ആർഐ ഊന്നൽ നൽകുമെന്ന് ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. സമുദ്ര പരിസ്ഥിതി പരിപാലനം, സമുദ്ര ജൈവവൈവിധ്യ ഗവേഷണം, സമുദ്ര മലിനീകരണ പഠനം, സാമൂഹിക സാമ്പത്തിക അവലോകനം, മത്സ്യരോഗനിർണയം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ സിഎംഎഫ്ആർഐ ഗവേഷണപദ്ധതികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ലോഗോയും തീം സോങ്ങും പ്രകാശിപ്പിച്ചു. ഡോ. മിറിയം പോൾ ശ്രീറാം നന്ദി പറഞ്ഞു. 1947ൽ ഫെബ്രുവരി മൂന്നിന് മറൈൻ ഫിഷറീസ് റിസർച്ച് സ്റ്റേഷൻ എന്ന പേരിൽ മദ്രാസ് സർവകലാശാലയ്ക്കുകീഴിൽ മദ്രാസിലാണ് സിഎംഎഫ്ആർഐ സ്ഥാപിച്ചത്.