കൊച്ചി
കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച സീഡിങ് കേരള സ്റ്റാർട്ടപ് ഉച്ചകോടിയിൽ 80 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനം. ഉച്ചകോടിയിൽ പങ്കെടുത്ത 13 സ്റ്റാർട്ടപ് സംരംഭങ്ങളാണ് ഈ മൂലധന നിക്ഷേപം ആകർഷിച്ചത്. സ്പെഷ്യൽ ഇൻവെസ്റ്റ് ഫണ്ട്, സീഫണ്ട്, കേരള എയ്ഞ്ചൽ നെറ്റ്വർക്ക്, മലബാർ എയ്ഞ്ചൽ നെറ്റ്വർക്ക്, ഇന്ത്യൻ എയ്ഞ്ചൽ നെറ്റ്വർക്ക്, ഐഎഎൻ എന്നീ നിക്ഷേപ സ്ഥാപനങ്ങളും വി കെ മാത്യൂസ്, രവീന്ദ്രനാഥ് കമ്മത്ത്, നവാസ് മീരാൻ, രാജേഷ് പടിഞ്ഞാറേ മഠം എന്നിവരുമാണ് നിക്ഷേപ പ്രഖ്യാപനം നടത്തിയതെന്ന് കേരള സ്റ്റാർട്ടപ് മിഷൻ അറിയിച്ചു. ബംബെറി, കുക്ക്ഡ്, സഫയർ, ഷിപ്നെക്സ്റ്റ്, ഷോപ് കണക്റ്റ്, ഹൈറോ, ടിയാ, ആസ്ട്രെക് ഇന്നൊവേഷൻസ്, മെസെഞ്ചെറിഫൈ, പ്രീമാജിക്, ഫിൻസാൾ, അഗ്നികുൽ, യുബിഫ്ലൈ എന്നീ സ്റ്റാർട്ടപ്പുകളാണ് നിക്ഷേപം ആകർഷിക്കുന്നതിൽ വിജയിച്ചത്.
എയ്ഞ്ചൽ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരിൽ അവബോധം വളർത്തുന്നതിനും നിക്ഷേപം ആകർഷിക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനുമായി സംഘടിപ്പിച്ച ഉച്ചകോടിയിൽ 46 നിക്ഷേപകരും 30 സ്ഥാപനങ്ങളും 36 സ്റ്റാർട്ടപ് സംരംഭകരും പങ്കെടുത്തു.