ന്യൂഡൽഹി
വന്ദേഭാരത് ട്രെയിനുകൾ സിൽവർലൈൻ പദ്ധതിക്ക് ബദലെന്ന പ്രതിപക്ഷവാദം അസംബന്ധം. സാധ്യമായിടത്ത് പരിമിതമായ അടിസ്ഥാനസൗകര്യങ്ങളിൽ അത്യാവശ്യം വേഗത്തിൽ ഓടിക്കാവുന്നതാണ് വന്ദേഭാരത് ട്രെയിനുകൾ. നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നത് രണ്ട് വന്ദേഭാരത് ട്രെയിൻ മാത്രം. 400 ട്രെയിൻ മൂന്നുവർഷത്തിൽ ഓടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം അപ്രായോഗികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വന്ദേഭാരത് കേരളത്തിന് ലഭിക്കുമോ, നിലവിലെ പാതയിൽ അവകാശപ്പെടുന്ന വേഗതയിൽ സർവീസ് നടത്താനാകുമോ–- തുടങ്ങിയ ചോദ്യങ്ങളൊന്നും പ്രതിപക്ഷം കേള്‍ക്കുന്നേയില്ല.
ഭാവി കണ്ടുള്ള പദ്ധതി
ദേശീയ റെയിൽവേ പ്ലാൻ പ്രകാരം ഏറ്റവും കൂടുതൽ യാത്രക്കാരുള്ള പാതകളിൽ ഒന്നാണ് മംഗളൂരു–- കന്യാകുമാരി ലൈൻ. 2026ൽ ഈ പാതയില്‍ യാത്രക്കാര്‍ 1.26 കോടിയാകുമെന്ന് കണക്കാക്കുന്നു. 2051ൽ 4.14 കോടി യാത്രക്കാര്വരെയുണ്ടാകാമെന്ന് റെയിൽ പ്ലാൻ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം മുന്നില്‍കണ്ട് ഗതാഗതസൗകര്യം മെച്ചപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ നീക്കമാണ് സിൽവർലൈൻ. വേഗം, സുരക്ഷ, താങ്ങാവുന്ന യാത്രാനിരക്ക് ഈ മൂന്ന് ഘടകവും സിൽവർലൈൻ ഉറപ്പാക്കുന്നു.
റെയിൽവേയുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനോ വലിയ പദ്ധതികള്‍ക്കോ പണം മുടക്കാൻ കേന്ദ്രം താൽപ്പര്യപ്പെടുന്നില്ല. പുതിയ ബജറ്റ് അതിനുള്ള ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ, സംസ്ഥാനസർക്കാർ മേൽനോട്ടത്തിൽ അടിസ്ഥാനസൗകര്യം വികസിപ്പിച്ച് വേഗമേറിയ ട്രെയിനുകൾ ഓടിക്കുകയാണ് പോംവഴി.