കോഴിക്കോട്
മുസ്ലിം കോ–- ഓർഡിനേഷൻ സമിതി വിടാനുള്ള സമസ്തയുടെ തീരുമാനത്തിൽ മുസ്ലിം ലീഗിൽ ഭിന്നാഭിപ്രായം. നേതൃത്വത്തിലെ ഒരുവിഭാഗം സമസ്തയെ ശത്രുചേരിയിലാക്കുകയാണെന്ന് പ്രമുഖ നേതാക്കൾ പറയുന്നു. സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം എന്നിവർക്കെതിരായാണ് വിമർശം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള സലാമിനെതിരായാണ് ആക്രമണം കൂടുതലും. മുസ്ലിം കോ–-ഓർഡിനേഷൻ സമിതിയിൽ സലാം സ്വീകരിച്ച സമീപനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)യെ അകറ്റിയതെന്ന അഭിപ്രായം പല നേതാക്കളും പങ്കിടുന്നു. സാദിഖലി തങ്ങളുടെ ശൈലിയിലും ഇവർക്ക് വിയോജിപ്പുണ്ട്.
വഖഫ് വിഷയത്തിൽ ആരാധനാലയങ്ങൾ സമരകേന്ദ്രമാക്കിയതിൽ മാത്രമല്ല സമസ്തക്ക് ലീഗിനോടുള്ള അനിഷ്ടം. പല വേദികളിലും സമസ്തക്ക് മതിയായ പ്രാധാന്യവും അംഗീകാരവും നിഷേധിക്കുന്നതും കാരണമാണ്. ജമാഅത്ത് ബന്ധത്തിൽ സമസ്തയുടെ അഭിപ്രായം പൂർണമായി ലീഗ് അവഗണിച്ചു.
പോഷക സംഘടനയായി സമസ്തയെ കാണുന്ന ചില നേതാക്കളുടെ നിലപാടും ഭിന്നത വർധിപ്പിച്ചു. വഖഫ് വിഷയത്തിൽ സംഘടനയെ ഭിന്നിപ്പിക്കാനുള്ള നീക്കവും ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായി. ഇതോടെയാണ് കോ–-ഓർഡിനേഷൻ സമിതിയെ മൊഴിചൊല്ലണമെന്ന വികാരം സമസ്ത നേതൃത്വത്തിൽ ശക്തമായത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ലീഗ് കേന്ദ്രങ്ങളിൽ നിന്നുണ്ടായ അധിക്ഷേപം മറക്കാനാകാത്തതായാണ് വലിയൊരു വിഭാഗം വിശ്വാസികൾ കാണുന്നത്. ഈ സാഹചര്യങ്ങൾ വിശദീകരിച്ചാണ് നേതാക്കളുടെ അപക്വ സമീപനം സമസ്തയെ എതിർപക്ഷത്താക്കി എന്ന് ലീഗിലെ ഒരു വിഭാഗം പറയുന്നത്.
അതേസമയം, ഇതിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് ലീഗ് നിലപാട്. കോഴിക്കോട്ട് ചേർന്ന സംസ്ഥാന ഭാരവാഹി യോഗം ഇക്കാര്യം ചർച്ചചെയ്തില്ല. കോ–- ഓർഡിനേഷൻ കമ്മിറ്റി സ്ഥിരം സംവിധാനമല്ലെന്ന് പി എം എ സലാം അവകാശപ്പെട്ടു. അതിനാൽ സമസ്ത സമിതി വിട്ടു എന്ന് പറയുന്നതിൽ അർഥമില്ലെന്നും സലാം പറഞ്ഞു.